Kerala
വിപ്ലവസൂര്യന് 101; വി എസിന് ആശംസാ പ്രവാഹം
ദേഹാസ്വസ്ഥതകളാല്‍ അഞ്ച് വര്‍ഷത്തോളമായി പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും ജനഹൃദയങ്ങളില്‍ സജീവമാണ് വി എസ്.

തിരുവനന്തപുരം | കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 101. ദേഹാസ്വസ്ഥതകളാല്‍ അഞ്ച് വര്‍ഷത്തോളമായി പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും ജനഹൃദയങ്ങളില്‍ സജീവമാണ് വി എസ്. അത്രമാത്രം സ്വാധീനമാണ് തന്റെ ജനകീയ ഇടപെടലുകള്‍ കൊണ്ട് വി എസ് കേരളത്തിന്റെ രാഷ്ട്രീയ മേഖലയില്‍ സൃഷ്ടിച്ചത്. അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജന്മദിനാശംസകള്‍ പ്രവഹിക്കുകയാണ്. സംസ്ഥാനത്ത് ത്യാഗനിര്‍ഭരമായ സമര പോരാട്ടങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പ്രതികരണങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ അതുല്യ നേതൃത്വം വഹിച്ച വ്യക്തിത്വമാണ് വി എസ്.
ബാല്യകാലത്തെ ദുരിതങ്ങളും പ്രയാസങ്ങളും നിറഞ്ഞ അനുഭവങ്ങളാണ് അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റിനെ കെട്ടിപ്പടുത്തത്. അഴിമതിക്കും അസമത്വങ്ങള്‍ക്കും അനീതിക്കുമെതിരെ കരുത്തുറ്റതും ഉജ്ജ്വലവുമായ പോരാട്ടങ്ങളാണ് വി എസ് നടത്തിയത്. മുതലാളിത്ത സമൂഹത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധീരോദാത്തമായ നേതൃത്വം നല്‍കി. ചരിത്രം സൃഷ്ടിച്ച പുന്നപ്ര വയലാര്‍ ഉള്‍പ്പെടെയുള്ള സമര പോരാട്ടങ്ങളിലൂടെ ജനഹൃദയങ്ങളില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി.
പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിനെതിരെയും വി എസ് ആഭ്യന്തര സമരം നയിച്ചു. പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ നടത്തി.
നാലു വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വി എസിനെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിശ്രമത്തിലേക്ക് മാറ്റിയത്. എങ്കിലും ജീവിത പ്രയാണം ശതകം പിന്നിടുമ്പോഴും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെല്ലാം മാധ്യമ വാര്‍ത്തകളിലൂടെ വി എസ് അറിയുന്നുണ്ട്. പതിവു പോലെ ലളിതമായ പിറന്നാളാഘോഷം മാത്രമാണ് വി എസിന് ഇത്തവണയും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വി എസിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് അദ്ദേഹത്തിന്റെ നിലപാടുകളെ ആദരിക്കുന്നവരെല്ലാം ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയത്തിന്റെ വിപ്ലവ സൂര്യന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുകയാണ് കേരള ജനമനസ്സാക്ഷിയൊന്നാകെ.