Kerala
ഗോവയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടകൂടുമാറ്റം; പരിഹാസവുമായി ഇടത് നേതാക്കള്‍
'ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക്'- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം | രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെ ഗോവയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയിലെത്തിയതില്‍ പരിഹസിച്ച് മന്ത്രിയടക്കമുള്ള ഇടത് നേതാക്കള്‍. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പരിഹാസം. ബി ജെ പിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് എം എല്‍ എമാരുടെ ചിത്രം പങ്കുവെച്ചാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കൊണ്ട് കൂറുമാറില്ലെന്ന സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നു. ഇതിന്റെ ചിത്രം പങ്കുവെച്ച ലിന്റോ ജോസഫ് എം എല്‍ എ ഈ ചിത്രത്തിലുള്ള രാഹുല്‍ ഗാന്ധി മാത്രം ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണെന്ന് പരിഹസിച്ചു. കോണ്‍ഗ്രസിനെ ജയിപ്പിക്കൂ, ബി ജെ പിയെ ശക്തിപ്പെടുത്തൂവെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ കളിയാക്കല്‍.
ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ എന്നിവരടക്കം എട്ട് എം എല്‍ എമാരാണ് ഇന്ന് ബി ജെ പിയില്‍ ചേര്‍ന്നത്. മൂന്നില്‍ രണ്ട് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നതിനാല്‍ ഇവര്‍ക്കെതിരെ കൂറുമാറ്റ നിയമപ്രകാരം നടപിടിയെടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല.