Connect with us

Health

കൊറോണ വൈറസ് ചിലരില്‍ ഏഴ് മാസങ്ങള്‍ക്കപ്പുറവും തുടരാമെന്ന് ഗവേഷകര്‍

ബ്രസീലിലുള്ള 38 കൊവിഡ് രോഗികളെയാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊറോണ വൈറസ് ചിലരില്‍ ഏഴ് മാസങ്ങള്‍ക്കപ്പുറവും സജീവമായി തുടരാമെന്ന് പഠനം. ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ബ്രസീലിലെ സാവോ പോളോ സര്‍വകലാശാല, ഒസ് വാള്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ബ്രസീലിലുള്ള 38 കൊവിഡ് രോഗികളെയാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചത്. ഇതില്‍ മൂന്ന് പേരില്‍ 70 ദിവസത്തിനപ്പുറം സാര്‍സ് കൊവ്-2 വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് ബാധിതരില്‍ എട്ട് ശതമാനത്തിന് ലക്ഷണങ്ങളൊന്നും ഇല്ലാതെ രണ്ട് മാസത്തില്‍ കൂടുതല്‍ രോഗം പരത്താന്‍ കഴിയുമെന്ന നിഗമനത്തിലേയ്ക്ക് ശാസ്ത്രജ്ഞരെ എത്തിച്ചു.

എന്നാല്‍ 20 ദിവസത്തേയ്ക്ക് മിതമായ ലക്ഷണങ്ങള്‍ മാത്രമുള്ള 38 വയസ്സുള്ള ഒരു രോഗിയില്‍ വൈറസ് 232 ദിവസം തുടര്‍ന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഏകദേശം ഏഴ് മാസത്തില്‍ അധികം തുടര്‍ച്ചയായ ചികിത്സ ലഭിക്കുകയോ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഇക്കാലയളവിലെല്ലാം രോഗം പരത്താന്‍ ഈ രോഗിയ്ക്ക് സാധിക്കുമെന്നും ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.