Connect with us

republic day

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം

ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍; ജില്ലകളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യന്‍ ഭരണഘടനയുടെ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു എങ്ങും എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍. കേരളത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. രാവിലെ ഒമ്പതോടെ വേദിയിലെത്തിയ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാര്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പതാക ഉയര്‍ത്തി.

മുഖ്യമന്ത്രിയേയും സദസ്സിനേയും അഭിസംബോധന ചെയ്തു മലയാളത്തിലാണു ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങളാണു ഗവര്‍ണര്‍ എടുത്തുപറഞ്ഞത്. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇടുക്കിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഐ ഡി എ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി. എറണാകുളം ജില്ലയില്‍ മന്ത്രി കെ രാജനും മലപ്പുറത്ത് എം എസ് പി പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജി ആര്‍ അനിലും കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയര്‍ത്തി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മന്ത്രി കെ രാധാകൃഷ്ണനും പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വയനാട്ടില്‍ മന്ത്രി എ കെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയര്‍ത്തി.
റിപ്പബ്ലിക് ദിന പരിപാടിയില്‍ ഗവര്‍ണര്‍ വന്നപ്പോള്‍ മുഖ്യമന്ത്രി എണീറ്റുനിന്നെങ്കിലും മുഖ്യമന്ത്രിയെ ഗൗനിക്കാതെ അദ്ദേഹം പതാക ഉയര്‍ത്താന്‍ പോയി. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ അദ്ദേഹം ചടങ്ങിനു ശേഷം തിരിച്ചു പോവുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമെന്ന് ഉറപ്പില്ല.