Editors Pick
സുരക്ഷയിൽ പുലിയെന്ന് തെളിയിച്ച് റെനോ ഡസ്റ്റർ; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ്
മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 30.49 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 പോയിന്റും ഈ എസ് യു വി നേടി.
ന്യൂഡൽഹി | ഭാരത് എൻ സി എ പി ക്രാഷ് ടെസ്റ്റിൽ റെനോ ഡസ്റ്ററിന് മികച്ച നേട്ടം. പുതിയ റെനോ ഡസ്റ്റർ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് കരസ്ഥമാക്കി. 2026 മാർച്ചിൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കപ്പെട്ട ഡസ്റ്റർ, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ (Adult Occupant Protection) 32ൽ 30.49 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ (Child Occupant Protection) 49ൽ 45 പോയിന്റും ഈ എസ് യു വി നേടി.
അഞ്ചു സ്റ്റാർ റേറ്റിംഗ് ലഭിച്ചെങ്കിലും പോയിന്റ് നിലയിൽ കിയ സെൽറ്റോസിന് പിന്നിലാണ് ഡസ്റ്റർ. സെൽറ്റോസ് മുതിർന്നവരുടെ സുരക്ഷയിൽ 31.70 പോയിന്റാണ് നേടിയിരുന്നത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഇരു വാഹനങ്ങളും ഒരേ പോയിന്റാണ് (45/49) പങ്കിടുന്നത്.

ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഡ്രൈവറുടെ നെഞ്ച്, കാൽമുട്ടുകൾ, പാദങ്ങൾ എന്നിവയ്ക്ക് മതിയായ (adequate) സുരക്ഷയാണ് ഡസ്റ്റർ നൽകുന്നത്. അതേസമയം തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങൾക്ക് മികച്ച (good) സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്. മുൻസീറ്റിലെ യാത്രക്കാരന് എല്ലാ മേഖലകളിലും മികച്ച സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. സൈഡ് ഇംപാക്ട് ടെസ്റ്റിൽ 16ൽ 16 പോയിന്റും നേടി വാഹനം കരുത്ത് തെളിയിച്ചു.
കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ ഡയനാമിക് ഇവാലുവേഷനിൽ 24ൽ 24 പോയിന്റും സി ആർ എസ് ഇൻസ്റ്റാളേഷനിൽ 12ൽ 12 പോയിന്റും നേടാൻ ഡസ്റ്ററിനായി. വാഹന പരിശോധനയിൽ 13ൽ 9 പോയിന്റാണ് ലഭിച്ചത്.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എ ബി എസ് വിത്ത് ഇ ബി ഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, 360 ഡിഗ്രി ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് ഡസ്റ്ററിലെ പ്രധാന സുരക്ഷാ ഫീച്ചറുകൾ. കൂടാതെ ലെവൽ 2 എ ഡി എ എസ് സാങ്കേതികവിദ്യയും ഈ വാഹനത്തിലുണ്ട്.
Summary
The Renault Duster has secured a 5-star safety rating in the Bharat NCAP crash tests, scoring 30.49 points for adult occupant protection and 45 points for child occupant protection. While it earned the highest star rating, it remains slightly behind the Kia Seltos in terms of adult safety points. The SUV is equipped with advanced safety features including six airbags, Level 2 ADAS, and electronic stability control.







