Connect with us

gas price hike

സബ്‌സിഡി ഓര്‍മയായി ; ഇരുട്ടടിയേറ്റ് ജനങ്ങള്‍

പാചക വാതകത്തിന് 50 രൂപ കൂട്ടിയതോടെ വില 1,110

Published

|

Last Updated

കോഴിക്കോട് |  വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിനു പൊടുന്നനെ 50 രൂപ ഉയര്‍ത്തിയത് ജനങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. കേരളത്തില്‍ വീടുകളില്‍ പാചക വാതകത്തിന് ഇനി 1,110 രൂപയാണു നല്‍കേണ്ടിവരിക. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ വരുന്ന സിലിന്‍ഡറിന്റെ വിലയില്‍ 350.50 രൂപയും വര്‍ധിപ്പിച്ചു. വില വര്‍ധന ഇന്ന് മുതല്‍ നിലവില്‍ വന്നു. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന രാജ്യത്ത് പാചക വാതക വിലകൂടി ഉയര്‍ന്നതോടെ ജീവിതം ദുഷ്‌കരമാവുകയാണ്.

2022 മെയില്‍ 50 രൂപ പൊടുന്നനെ ഉയര്‍ത്തിയപ്പോഴായിരുന്നു വീട്ടാവശ്യത്തിനുള്ള സിലിണ്ടറിനു വില 1000 രൂപക്കുമുകളില്‍ എത്തിയത്. 2022 മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് ബി ജെ പി സരക്കാര്‍ പെട്രോള്‍, ഡീസല്‍, പാചക വാതക വില ഉയര്‍ത്തിയത്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതുകൊണ്ടാണ് വില വര്‍ധന വേണ്ടിവന്നത് എന്നായിരുന്നു അന്നു കേന്ദ്രസര്‍ക്കാറും ബി ജെ പിയും പറഞ്ഞത്.

ആഗോള വിപണിയില്‍ ഉണ്ടാവുന്ന ചാഞ്ചാട്ടത്തിന് അനുസൃതമായി പാചക വാതക വില ഉയരാതെ ജനങ്ങളെ കാത്തു സൂക്ഷിച്ചത് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയാണു ജനങ്ങളുടെ ഭാരം കുറച്ചത്.

ക്രൂഡ് വില 110 ഡോളര്‍ വരെ ഉയര്‍ന്ന 2013-14 ല്‍ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1241 രൂപ വരെ ഉയര്‍ന്നെങ്കിലും അക്കാലത്ത് സബ്‌സിഡി ഉണ്ടായിരുന്നതിനാല്‍ ജനങ്ങള്‍ 414 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. യഥാര്‍ഥ വിലയുടെ പകുതിയിലധികം സബ്‌സിഡി നല്‍കിയിരുന്ന സാഹചര്യം രാജ്യത്തു നിലവിലുണ്ടായിരുന്നു. പൊടുന്നനെ സര്‍ക്കാര്‍ സബ്‌സിഡി എന്ന ആശയം തന്നെ അവസാനിപ്പിച്ചു.

ഗ്രാമീണ ജനങ്ങള്‍ക്കു വിറകില്‍ നിന്നു മോചനം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്ന കേന്ദ്ര സര്‍ക്കാറാണ് പതിയെ സബ്‌സിഡി ഇല്ലാതാക്കുകയും വിലക്കയറ്റിത്തിനു വഴിയൊരുക്കുകയും ചെയ്തത്.

സാധാരണക്കാരെ പാചക വാതക വിലക്കയറ്റത്തില്‍ നിന്നു സംരക്ഷിക്കുന്നതിനു യു പി എ സര്‍ക്കാറാണു സബ്‌സിഡി നടപ്പാക്കിയത്. ഈ സംവിധാനം ബി ജെ പി സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് ഒരു സിലിണ്ടറിന് 827 രൂപയാണു സബ്‌സിഡി നല്‍കിയിരുന്നത്. അന്നു സിലിണ്ടറിന്റെ വില 414 രൂപയില്‍ നിന്നിരുന്നു.

2020 മെയ് വരെ നല്‍കിയിരുന്ന സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. സബ്സിഡി താല്‍ക്കാലികമായി നിര്‍ത്തലാക്കിയത് കൊവിഡ് കാരണമെന്നായിരുന്നു കേന്ദ്രം വിശദീകരിച്ചിരുന്നത്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും പാചകവാതക വിലയുടെ പകുതിയോളം സബ്സിഡി നല്‍കുന്ന രീതിയാണു രാജ്യത്തു നിലവിലുണ്ടായിരുന്നത്. പിന്നീട് സബ്‌സിഡി ബാങ്ക് വഴി തിരികെ നല്‍കുന്ന രീതി നിലവില്‍ വന്നു.

 

2014 ല്‍ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് ഇന്ധന വില പിടിച്ചുനിര്‍ത്തും എന്നതായിരുന്നു. കേന്ദ്രത്തില്‍ ബി ജെ പി തുടര്‍ച്ചയായി അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയായിരുന്നു പാചക വാതക വില.
സബ്‌സിഡി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമാണു പാചക വാതക വില അനിയന്ത്രിതമായി ഉയര്‍ത്താന്‍ കാരണമായത്.

Latest