Connect with us

Travelogue

'ശാശി'ലെ തിരുശേഷിപ്പുകൾ

വലിയൊരു പീഠത്തിൽ ചില്ലുകൂട്ടിനുള്ളിലാണ് ഖുർആനുള്ളത്. വലിയ ലിപിയാണ്. ചില്ലക്ഷരങ്ങളോ ഹർക്കത്തുകളോ ഉപയോഗിച്ചതായി കാണുന്നില്ല. തോലിൽ എഴുതിയതാണ്. അതിന്റെ സമീപത്തുള്ള റൂമിലും വിവിധ കാലത്ത് എഴുതപ്പെട്ട ഖുർആൻ കോപ്പികളുടെ മാനുസ്‌ക്രിപ്പ്റ്റുകളും കാണാം. ചിലത് മാൻ തോലിലും ആട്ടിൻ തോലിലുമൊക്കെയാണ് ഉള്ളത്. കാലമേറെ കഴിഞ്ഞിട്ടും ആ വിശുദ്ധ ഗ്രന്ഥങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ കാലത്തിന്റെ ആയിരക്കണക്കിന് കൈകളിലൂടെ കൈമാറി ഇന്നും അവിടെ സംരക്ഷിച്ചുപോരുകയാണ്.

Published

|

Last Updated

 

താഷ്‌കെന്റ്നഗരം മധ്യ കാലഘട്ടത്തിൽ “ശാശ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പൗരാണിക താഷ്‌കെന്റ്നഗരത്തിന്റെ ഹൃദയ ഭാഗമായ “ഹസ്തി ഇമാം’ ചത്വരത്തിലാണ് നാം എത്തിയിട്ടുള്ളത്. താഷ്‌കെന്റ്നഗരത്തിലെ ഇസ്‌ലാമിക കേന്ദ്രം കൂടിയാണിത്. അറബ് ലോകത്ത് താഷ്‌കെന്റ് മുഖവിലക്കെടുക്കപ്പെടുന്നത് “അബൂബക്കർ അൽ ഖഫാൽ അൽ ശാശി’ എന്ന വിശ്രുത പണ്ഡിതനിലൂടെയാണ്. ഹസ്തി ഇമാം ചത്വരം ഒരു കൂട്ടം ചരിത്ര നിർമിതികളുടെ കോംപ്ലെക്‌സാണ്. അതിന്റെ വടക്ക് പടിഞ്ഞാറൻ മൂലക്കായാണ് ഇമാം അബൂബക്കർ അൽ ഖഫാൽ അൽ ശാശിയുടെ വിശ്രമഗേഹമുള്ളത്. ഇസ്‌ലാമിക കർമശാസ്ത്രത്തിലെ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഒപ്പം സാഹിത്യം, ബഹുഭാഷാ പാണ്ഡിത്യം, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വൈജ്ഞാനിക ശാഖകളിലെ അഗാധ പാണ്ഡിത്യം അദ്ദേഹത്തെ “സർവജ്ഞാനി’ എന്ന പേരിൽ പ്രസിദ്ധനാക്കി. ആയിരം വർഷങ്ങൾക്ക് മുന്നേ ജീവിച്ചു മരിച്ചു പോയ ഇദ്ദേഹം ആ കാലത്ത് തന്നെ ഇസ്‌ലാമിക ചലനങ്ങൾ എത്തിച്ചേർന്ന കിഴക്കിലെയും പടിഞ്ഞാറിലെയും എല്ലാ നാടുകളിലേക്കും യാത്ര പോകുകയും വൈജ്ഞാനിക പ്രചാരണത്തിൽ അതുല്യമായ സംഭാവനകൾ അർപ്പിക്കുകയും ചെയ്തു. നീണ്ട സഞ്ചാരത്തിന് ശേഷം ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തുന്നതിനു മുമ്പേ ഇദ്ദേഹത്തെക്കുറിച്ചുള്ള പ്രശസ്തി സ്വന്തം നാട്ടിലും വ്യാപിച്ചിരുന്നു. അങ്ങനെയാണ് ഇദ്ദേഹം സ്വന്തം നാട്ടുകാർക്ക് ഹസ്രത്ത് ഇമാം (വിശുദ്ധനായ നേതാവ്) ആയി മാറുന്നത്.

താഴ് നിർമിക്കുന്നവരുടെ കുടുംബത്തിലാണ് ഇമാമിന്റെ ജനനം. അതുകൊണ്ടാണ് പേരിനൊപ്പം “ഖഫാൽ’ എന്ന് ചേർക്കപ്പെട്ടിട്ടുള്ളത്. ബഗ്ദാദിൽ വെച്ച് വിശ്രുത ഖുർആൻ പണ്ഡിതനായ ഇമാം ത്വബരിയിൽ നിന്നും ഖുർആൻ ഹൃദിസ്ഥമാക്കി. ഇമാം ബുഖാരി(റ) ക്ക് ശേഷം ഖുറാസാൻ മേഖലയിൽ ആത്മീയ പിൻഗാമിയായി ആളുകൾ ഇദ്ദേഹത്തെ കണ്ടു. ഷാഫി കർമശാസ്ത്രത്തിൽ നല്ലപോലെ അവഗാഹം നേടിയ ഇദ്ദേഹം അത് സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വലിയൊരു ഉദ്യാനത്തിന്റെ നടുവിലാണ് ഖബർ ഉള്ളത്. തിരക്കെന്നു പറയാൻ മാത്രം ആളുകൾ എവിടെയുമില്ല. ഒരു അറിയപ്പെട്ട ടൂറിസ്റ്റ് സ്ഥലമാണെങ്കിലും ആളുകളുടെ ഒഴുക്ക് തുലോം കുറവാണ്. ഒരു സൂഫി ഖാൻഖാഹിന്റെ ശൈലിയിലാണ് മഖ്ബറയുടെ നിർമാണം. ഖബറുകളുടെ എല്ലാ വശങ്ങളിലുമായി യാത്രക്കാർക്കും ഫക്കീറുകൾക്കും വിശ്രമിക്കാനും വൈജ്ഞാനിക ചർച്ചകൾ കൂടാനുമുള്ള രീതിയിലാണ് തയ്യാർ ചെയ്തിട്ടുള്ളത്. പൂർണമായും മരം കൊണ്ടാണ് ഖബറിന് മുകളിലെ മച്ച് നിർമിച്ചിട്ടുള്ളത്. പുസ്തകങ്ങൾ അടുക്കിവെച്ചത് പോലെയാണ് അതിന്റെ രൂപം. ശെയ്ഖിന്റെ ഖബറിന്റെ സമീപത്തായി ശിഷ്യന്മാരുടെ ഖബറുകൾ സ്ഥാപിച്ചിട്ടുണ്ട്. കടും നീല നിറത്തിലുള്ള മജോലിക്കാ സെറാമിക് ടൈലുകൾ കൊണ്ടാണ് ഖുബ്ബകൾ അലങ്കരിച്ചിട്ടുള്ളത്. അതിൽ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഉല്ലേഖനം ചെയ്തിട്ടുണ്ട്.

ഖഫാൽ അൽ ശാശി ഇമാമിൽ നിന്നും ഇറങ്ങി നേരെ ജുമാ മസ്ജിദിന്റെ അങ്കണത്തിലേക്ക് നടന്നു. കല്ലുകൾ പാകിയ വീതിയേറിയ പാതയാണ്. എത്തിച്ചേരുന്നത് വിശാലമായ ചത്വരത്തിൽ. പതിനായിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന അത്രയും വലിയ ഇടമുണ്ട്. വെള്ളിയാഴ്ചകളിൽ ഇവിടെ ഏകദേശം മുഴുവൻ ആളുകളാൽ നിറയും. റമദാനിലെ വിശേഷ രാവുകളിൽ ഇപ്പോഴും ഇവിടെ പതിനായിരങ്ങളാണ് ഒരുമിക്കുക. ഈ മസ്ജിദിന്റെ ഒരു വശത്ത് മുപ്പതിനായിരത്തിലധികം ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന വലിയ ലൈബ്രറിയുണ്ട്. ഇമാം ബുഖാരിയുടെ പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മറ്റൊരു ഭാഗത്ത് ഉസ്‌ബെക്കിസ്ഥാൻ ഗ്രാൻഡ് മുഫ്തി ഓഫീസ്, വേറൊരു ഭാഗത്ത് ചില പ്രധാന തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹുജ്‌റ ശരീഫ്. ഉസ്‌ബെക്കിസ്ഥാനിലെ മിക്ക നിർമിതികളും പരസ്പരം സാമ്യം പുലർത്തുന്നുണ്ട്. അതിനാൽ തന്നെ ഫോട്ടോ എടുത്ത് വന്നു പിന്നീട് നോക്കിയാൽ ഏതെന്നു മനസ്സിലാക്കിയെടുക്കാൻ അൽപ്പം കുഴങ്ങും. ഹസ്തി ഇമാം മസ്ജിദ് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഉസ്‌ബെക് ഓർമകൾ സമ്മാനിക്കുന്ന ഒരു സോവനീർ ഷോപ്പ് നമ്മൾ സന്ദർശിച്ചു. വളരെ മനോഹരമായി അവിടെ നിർമിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മിക്കതും മിനിയേച്ചർ ഉത്പന്നങ്ങളാണ്. പരമ്പരാഗത കൊത്തുപണികളാൽ ഒരുപാട് പാത്രങ്ങൾ, ചിത്രങ്ങൾ, വസ്ത്രങ്ങൾ കൊണ്ട് സമ്പന്നമാണവിടം. പളുങ്കും പിഞ്ഞാണവും ചെമ്പുമൊക്കെ അവരുടെ കഴിവുകൾക്ക് വേണ്ടി രൂപം മാറിക്കൊണ്ടിരുന്നു. ലൈവായി മരത്തിൽ കൊത്തുപണി തീർക്കുന്നവരും അവിടെ ഉണ്ടായിരുന്നു. അതിനിടയിൽ ഒരു ബാലൻ വളരെ ഗൗരവത്തിൽ ജോലിയിൽ വ്യാപൃതനായി കണ്ടു. തന്റെ മുന്നിലുള്ള മരക്കഷ്ണത്തിൽ മനോഹരമായ പൈതൃക ഉസ്ബെക് അടയാളം തീർക്കുകയാണവൻ. അവന്റെ ചടുലതയും വേഗവുംചെറിയ അലങ്കാരത്തിൽ പോലുമുള്ള സൂക്ഷ്മത ഞങ്ങളുടെ ശ്രദ്ധ അവനിൽ പിടിച്ചു നിർത്തി. മുന്നിൽ ഞങ്ങൾ അങ്ങനെ നോക്കി നിന്ന് ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കുമ്പോഴും അവൻ നമ്മളിലേക്ക് ഒരു നോട്ടം പോലും നോക്കുന്നില്ല. വിദേശിയെന്ന പ്രത്യേകാവകാശം വെച്ച് സാധാരണയിൽ ഇതൊക്കെ ലഭിക്കേണ്ടതാണ്. പക്ഷേ,എന്താണോ അവന്റെ ജോലി അതിൽ മാത്രമവൻ മുഴുകിയിരിക്കുന്നു. അവന്റെ കരവിരുത് കാണാൻ ആളുകൾ വട്ടത്തിൽ കൂടുന്നുമുണ്ട്. യാതൊരു ഭാവഭേദവുമില്ലാതെ അവൻ മരത്തിൽ കൊത്തുന്നു, പലക നീക്കുന്നു, വീണ്ടും പണി തുടരുന്നു. ഇങ്ങനെ ഒരു കൂട്ടം വിദേശികൾ തന്റെ അടുത്തുണ്ടെന്നോ, അവർ തന്റെ ജോലിയിൽ അത്ഭുതം കൂറുന്നുണ്ടെന്നോ അവൻ ഗൗനിക്കുന്നില്ല. ജോലി സന്നദ്ധത, ജോലിയോടുള്ള ആത്മാർഥത ഇത് പലപ്പോഴും ജോലി ലഭിക്കാനും ശമ്പളം കൂട്ടാനും ഉപയോഗിക്കുന്ന വാക്കുകൾ മാത്രമാണ് നമ്മൾക്ക്, പക്ഷേ, അതെന്താണെന്നു കാണിച്ചുതരാനും മനസ്സിലാക്കിത്തരാനും ആ പതിനാല് വയസ്സുകാരൻ വേണ്ടിവന്നു.

ഈ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ആ മുറ്റത്തിന്റെ മറ്റൊരു ഭാഗത്തുള്ള കെട്ടിടത്തിലേക്ക് കയറി. ഒറ്റ കാഴ്ചയിൽ തന്നെ അത് വളരെ പവിത്രമായി സംരക്ഷിക്കുന്ന കെട്ടിടമാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. തിരുനബി(സ)യുടെ കാലത്ത് ആളുകൾ വിശുദ്ധ ഖുർആൻ മനഃപാഠമാക്കലായിരുന്നു പതിവ്. ചില ആളുകളൊക്കെ ഖുർആനിൽ നിന്നുമുള്ള പല ഭാഗങ്ങളും എല്ലുകളിലും തോലുകളിലും എഴുതി സൂക്ഷിച്ചിരുന്നു. കാലക്രമേണ ഖുർആൻ മനഃപാഠമാക്കിയവർ ഗണ്യമായി കുറഞ്ഞപ്പോൾ ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ (റ) പ്രമുഖരായ സ്വഹാബികളുമായി ചർച്ച ചെയ്ത് വിശുദ്ധ ഖുർആൻ മുഴുവനായി ഒരു ഗ്രന്ഥ രൂപത്തിലാക്കി ക്രോഡീകരിച്ചു. അതുപോലെയുള്ള കുറച്ച് കോപ്പികൾ പ്രധാന മുസ്്ലിം നഗരങ്ങളിലേക്കും അയച്ചുകൊടുത്തു. ഇന്നും ലോകത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അതിന്റെ പൂർണമായതോ ഭാഗികമായതോ ആയിട്ടുള്ള കോപ്പികൾ മുസ്്ലിം ലോകം സൂക്ഷിച്ചുപോരുന്നു.

സമർഖന്ദിലായിരുന്നു അന്ന് ലഭിച്ചത്. പിന്നീട് അത് പല നാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷം 1924 മുതൽ താഷ്‌കെന്റിൽ ഹസ്തി ഇമാം കോംപ്ലക്സിൽ സംരക്ഷിക്കപ്പെടുന്നു. വലിയൊരു പീഠത്തിൽ ചില്ലു കൂട്ടിനുള്ളിലാണ് ഖുർആനുള്ളത്. വലിയ ലിപിയാണ്. ചില്ലക്ഷരങ്ങളോ ഹർക്കത്തുകളോ ഉപയോഗിച്ചതായി കാണുന്നില്ല. തോലിൽ എഴുതിയതാണ്. അതിന്റെ സമീപത്തുള്ള റൂമിലും വിവിധ കാലത്ത് എഴുതപ്പെട്ട ഖുർആൻ കോപ്പികളുടെ മാനുസ്‌ക്രിപ്പ്റ്റുകളും കാണാം. ചിലത് മാൻ തോലിലും ആട്ടിൻ തോലിലുമൊക്കെയാണ് ഉള്ളത്. കാലമേറെ കഴിഞ്ഞിട്ടും ആ വിശുദ്ധ ഗ്രന്ഥങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ കാലത്തിന്റെ ആയിരക്കണക്കിന് കൈകളിലൂടെ കൈമാറി കൈമാറി ഇന്നും അവിടെ സംരക്ഷിച്ചുപോരുകയാണ്.

Latest