Connect with us

Uae

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; അബൂദബി ബീച്ചുകളില്‍ വീണ്ടും തിരക്കേറുന്നു

Published

|

Last Updated

അബൂദബി | അബൂദബി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ അബൂദബിയിലെ ബീച്ചുകളില്‍ വീണ്ടും സന്ദര്‍ശകരുടെ തിരക്ക്. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങള്‍ക്ക് പുറമെ മറ്റു ദിവസങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോര്‍ണിഷ് ഭാഗത്ത് വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ തന്നെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങുന്നുണ്ട്. ഹുദരിയാത്ത്, ബതീന്‍, യാസ് ബീച്ചുകളിലും തിരക്ക് കൂടുതലാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും കാലാവസ്ഥ ശൈത്യത്തിലേക്ക് വഴി മാറുന്നതുമാണ് സന്ദര്‍ശകര്‍ വര്‍ധിക്കാന്‍ കാരണം. ആഭ്യന്തര സന്ദര്‍ശകര്‍ക്ക് പുറമെ വിദേശ ടൂറിസ്റ്റുകളും ബീച്ചില്‍ എത്തുന്നുണ്ട്. പലരും കുടുബസമേതമാണ് ബീച്ചിലേക്ക് വരുന്നത്.

‘കൊവിഡ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ആഴ്ചയും കോര്‍ണിഷില്‍ വരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വന്നിട്ട്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് വലിയ ആശ്വാസമാണ്.’ -അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹൈതം പറഞ്ഞു. ജോലി ഭാരം ലഘൂകരിക്കാന്‍ കുടുംബവുമൊത്തുള്ള ബീച്ച് സന്ദര്‍ശനം ഏറെ ഉപകരിക്കാറുണ്ട്. കൊവിഡ് ആരംഭിച്ചത് മുതല്‍ കുടുംബവുമൊത്ത് പുറത്തിറങ്ങാറില്ല. നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് മക്കള്‍ക്ക് ഏറെ സന്തോഷം നല്‍കിയതായി കൊച്ചി സ്വദേശി പ്രദീപ് പറഞ്ഞു.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായാണ് ഹോട്ടല്‍ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ പറയുന്നത്. ശൈത്യകാലം തുടങ്ങിയതോടെ ഹോട്ടല്‍ റൂമുകള്‍ മുഴുവനും ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അബൂദബി കോര്‍ണിഷില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള സേവനങ്ങള്‍ പുനരാരംഭിച്ചു കഴിഞ്ഞു. സൈക്കിള്‍ സവാരിയും മറ്റും കഴിഞ്ഞ ദിവസം ആരംഭിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കുകയാണ് യു എ ഇ.

 

Latest