Connect with us

Kerala

നിയമന കോഴ തട്ടിപ്പ് കേസ്; തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘം, യുവമോര്‍ച്ച നേതാവും പ്രതിയെന്ന് മൊഴി

സ്‌പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവമോര്‍ച്ച നേതാവ് രാജേഷ് എന്നയാളും പ്രതിയാണെന്നു മൊഴിയിലുണ്ട്.

Published

|

Last Updated

പത്തനംതിട്ട |  ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴ തട്ടിപ്പിനു പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് കേസില്‍ പിടിയിലായ അഖില്‍ സജീവിന്റെ മൊഴി. തട്ടിപ്പു നടത്തിയത് എഐവൈഎഫ് നേതാവായിരുന്ന ബാസിത്, റഫീസ്, ലെനിന്‍ രാജ്, ശ്രീരൂപ് എന്നിവരാണെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായാണ് അറിയുന്നത്. സംഘം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു. തിരുവനന്തപുരത്ത് ആള്‍മാറാട്ടം നടത്തിയതും ഈ സംഘമാണെന്നു സംശയമുണ്ട്.സ്‌പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവമോര്‍ച്ച നേതാവ് രാജേഷ് എന്നയാളും പ്രതിയാണെന്നു മൊഴിയിലുണ്ട്.

സ്‌പൈസസ് ബോര്‍ഡ് നിയമനത്തിനു അഖില്‍ പണം നല്‍കിയത് രാജേഷിന്റെ അക്കൗണ്ടിലേക്കാണ് . അഖില്‍ സജീവും രാജേഷും ബിസിനസ് പങ്കാളികളാണെന്നും റിപ്പോര്‍ട്ടുണ്ട്. കേസില്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിന് ബന്ധമില്ലെന്നും, ലെനിന്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞ അഖില്‍ സജീവ്, നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കി. എന്നാല്‍ അഖിലിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ് തട്ടിപ്പിലെ മുഖ്യപ്രതിയായ അഖില്‍ സജീവനെ ഇന്നു പുലര്‍ച്ചെ തേനിയില്‍ വച്ചാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.2021ല്‍ പത്തനംതിട്ട സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത സിഐടിയു ഓഫിസില്‍നിന്നു പണം തട്ടിയ കേസിലാണു നടപടി.

Latest