Connect with us

Web Series

വീണ്ടുവിചാരമില്ലാത്ത സാമ്പത്തികനയം; ഒടുവിൽ പാപ്പർ

സാമ്പത്തിക ആസൂത്രണത്തില്‍ വന്ന ഗുരുതരമായ പിഴവുകള്‍ ശ്രീലങ്കയെ പടുകുഴിയിലേക്കു വീഴ്ത്തി എന്നതിന്റെ നടുക്കുന്ന തെളിവുകളാണ് ഓരോ നടപടിയും. സാമ്പത്തിക വിനിയോഗത്തില്‍ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നുള്ള വേര്‍തിരിവുകള്‍ ഒന്നുമുണ്ടായില്ല. ഹംബന്‍ടോട്ട തുറമുഖം പോലുള്ള വന്‍കിട പദ്ധതികളില്‍ വീണ്ടുവിചാരമില്ലാതെയാണു പണം മുടക്കിയത്. മട്ടല വിമാനത്താവളം ചൈനയ്ക്കു പാട്ടത്തിനുകൊടുക്കേണ്ടിവന്നു. ഇത്തരത്തില്‍ ആസൂത്രണമില്ലായ്മയും സാമ്പത്തിക അരാജകത്വവും അഴിമതിയുമാണു ശ്രീലങ്കയെ ഇത്രവേഗം പടുകുഴിയിലേക്കു തള്ളിയത്. ■ കനലെരിഞ്ഞ് സിംഹള സാമ്രാജ്യം പരമ്പരയുടെ മൂന്നാം ഭാഗം

Published

|

Last Updated

രാജ്യം പാപ്പരായി എന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തന്നെയാണ് പ്രഖ്യാപിച്ചത്. ഭക്ഷ്യവിലക്കയറ്റം 5,760 ശതമാനമായപ്പോഴാണ് ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗികവസതികളിലേക്കു നീങ്ങിയത്. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 80 ശതമാനം താഴുകയും പണപ്പെരുപ്പം 40 ശതമാനത്തില്‍ എത്തുകയും ഇന്ധനം, ആഹാരം, വൈദ്യുതി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങി എല്ലാത്തിനും ക്ഷാമം നേരിടുകയും ചെയ്തതോടെ ജനവികാരം തിളച്ചുമറിയുകയായിരുന്നു.

വിദേശ കടത്തിന്‍മേലുള്ള തിരിച്ചടവ് പണമില്ലാത്തതിനാല്‍ ശ്രീലങ്ക ഏകപക്ഷീയമായി നിര്‍ത്തിവെച്ചു. പലിശയ്ക്കുമേല്‍ പലിശ കുമിഞ്ഞുകൂടുന്ന സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. 5,100 കോടി ഡോളര്‍ (നാലുലക്ഷം കോടി രൂപ) ആണ് ശ്രീലങ്കയുടെ വിദേശകടം. ഇക്കൊല്ലം അടച്ചുതീര്‍ക്കേണ്ടത് 700 കോടി ഡോളര്‍ (55,623 കോടി രൂപ) ആണ്. രണ്ടു ഭരണത്തലവന്‍മാരുടെ രാജികള്‍കൊണ്ട് പരിഹരിക്കാവുന്നതല്ല ശ്രീലങ്കയുടെ പ്രതിസന്ധി എന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തിന് ഒരിഞ്ചെങ്കിലും ചലിക്കണമെങ്കില്‍ ഇന്ധനം ഇറക്കുമതി ചെയ്യണം. ഇന്ധന ഇറക്കുമതിക്കുമാത്രം മാസം 50 കോടി ഡോളര്‍ (3,970 കോടി രൂപ) വേണം.

ഈ കടുത്ത പ്രതിസന്ധിയില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ പത്തില്‍ ഒമ്പതു കുടുംബങ്ങളും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിച്ചരിക്കുകയാണെന്ന ഗുരുതര സാഹചര്യം ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയാണ് വെളിപ്പെടുത്തിയത്. ഒരുനേരത്തെ ആഹാരം മൂന്നു നേരമായി കഴിക്കേണ്ട അവസ്ഥയിലാണു മിക്ക കുടുംബങ്ങളും. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാറുണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനവും അപകടകരമായ നിലയില്‍ ഇടിഞ്ഞു.

2021 ഏപ്രിലില്‍ രാജപക്സെ രാസവളങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും ജൈവകൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതോടെയാണ് പ്രധാന നെല്‍വിളകളുടെയെല്ലാം ഉത്പാദനം കുറഞ്ഞത്. വിദേശനാണ്യം ലാഭിക്കുന്നതിനായി ചില വസ്തുക്കളുടെ ഇറക്കുമതിയും നിരോധിച്ചു. ഇതു ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ വഴിവച്ചു.

രാസ വളങ്ങള്‍ ഇറക്കുമതിചെയ്യാന്‍ വിദേശ നാണയം ഇല്ലാതായതോടെയാണ് ഒരു മുന്നൊരുക്കമില്ലാതെ രാജ്യം ജൈവകൃഷിയിലേക്കു മാറാന്‍ തീരുമാനിച്ചത് എന്നും വിലയിരുത്തപ്പെടുന്നു. ജൈവ കൃഷി ഉത്തരവുകള്‍ പിന്നീടു പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും ആഭ്യന്തര കാര്‍ഷികോല്‍പ്പാദനം തകിടം മറിഞ്ഞിരുന്നു.

സാമ്പത്തിക ആസൂത്രണത്തില്‍ വന്ന ഗുരുതരമായ പിഴവുകള്‍ ശ്രീലങ്കയെ പടുകുഴിയിലേക്കു വീഴ്ത്തി എന്നതിന്റെ നടുക്കുന്ന തെളിവുകളാണ് ഓരോ നടപടിയും. സാമ്പത്തിക വിനിയോഗത്തില്‍ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നുള്ള വേര്‍തിരിവുകള്‍ ഒന്നുമുണ്ടായില്ല. ഹംബന്‍ടോട്ട തുറമുഖം പോലുള്ള വന്‍കിട പദ്ധതികളില്‍ വീണ്ടുവിചാരമില്ലാതെയാണു പണം മുടക്കിയത്. മട്ടല വിമാനത്താവളം ചൈനയ്ക്കു പാട്ടത്തിനുകൊടുക്കേണ്ടിവന്നു. ഇത്തരത്തില്‍ ആസൂത്രണമില്ലായ്മയും സാമ്പത്തിക അരാജകത്വവും അഴിമതിയുമാണു ശ്രീലങ്കയെ ഇത്രവേഗം പടുകുഴിയിലേക്കു തള്ളിയത്.

വന്‍കിട ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കായി എടുത്ത വിദേശ കടം തിരിച്ചടക്കേണ്ടതിനാല്‍ സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഉപരിവര്‍ഗത്തിനിടയില്‍ ജനപ്രിയ മുഖം സൃഷ്ടിക്കാന്‍ ശ്രീലങ്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവുകളാണ് മഹീന്ദ്ര രാജപക്സെ നല്‍കിയത്. ഈ നികുതിയിളവുകളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു.

രാജപക്സെ കുടുംബ വാഴ്ചയ്ക്ക് തല്‍ക്കാലം അന്ത്യമായാലും സര്‍വകക്ഷി ഇടക്കാല സര്‍ക്കാരുണ്ടായാലും എങ്ങിനെ സമ്പദ് വ്യവസ്ഥക്കും ജനങ്ങള്‍ക്കും താല്‍ക്കാലികമായെങ്കിലും ആശ്വാസം കണ്ടെത്താന്‍ കഴിയുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാജ്യം ഗുരുതരമായ പതനത്തിലേക്കു പോകുന്ന ഘട്ടത്തില്‍ തന്നെ ഉത്തരവാദിത്വമേറ്റെടുത്ത് ഗോതാബയ നേരത്തേ തന്നെ രാജിവെച്ച് പ്രശ്‌ന പരിഹാരങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നെങ്കില്‍ രംഗം ഇത്രമേല്‍ വഷളാവില്ലായിരുന്നു എന്നാണു നിഗമനം. മന്ത്രിസഭാ അഴിച്ചുപണി നടത്തിയും സഹ മന്ത്രിമാരെ പഴിച്ചും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്തെ ഗുരുതരമായ കെടുതിയിലേക്കാണു തള്ളിവിട്ടത്.

600 കോടി ഡോളര്‍ (47,690 കോടി രൂപ) ഉണ്ടെങ്കിലെ ശ്രീലങ്കക്ക് അടുത്ത ആറുമാസം പിടിച്ചു നില്‍ക്കാനാവൂ. നിലവില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് 51 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയുണ്ട്. വായ്പയുടെ പലിശയടക്കാന്‍ പോലും രാജ്യത്തിന് കഴിയുന്നില്ല. 2026-ഓടെ വായ്പ എടുത്തതില്‍ 25 ബില്യണ്‍ ഡോളറാണ് രാജ്യത്തിന് തിരിച്ചടക്കേണ്ടത്. അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) കനിയുമെന്ന പ്രതീക്ഷയാണ് അവശേഷിക്കുന്നത്. ഐ എം എഫുമായുള്ള ആശയ വിനിമയം നടത്തുന്നുണ്ടെങ്കിലും വായ്പകള്‍ക്ക് അവര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രീലങ്കയ്ക്ക് എത്രമാത്രം സ്വീകരിക്കാന്‍ കഴിയുമെന്ന ആശങ്കയും ശക്തമാണ്.

ഇടക്കാല സര്‍ക്കാറിന്റെ സുസ്ഥിരതയില്‍ വിശ്വാസമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഐ എം എഫ് വായ്പ നല്‍കുകയുള്ളൂ. കടാശ്വാസ പദ്ധതികളെ ആശ്രയിച്ച് ശ്രീലങ്കക്ക് അതിജീവിക്കാനാവില്ല. രാജ്യം വരുമാനമുണ്ടാക്കി കയറ്റുമതിയിലൂടെയും വിനോദ സഞ്ചാരത്തിലൂടെയും മറ്റും വിദേശ നാണ്യ ശേഖരം ഉയര്‍ത്തുക എന്നതു മാത്രമാണ് പരിഹാരം. തേയില, ഗ്രാമ്പു തുടങ്ങിയ ശ്രീലങ്കയുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തണം. ലോകത്തിലെ ഏറ്റവും തിരക്കേറിയ നാവിക പാതകളിലൊന്നിലാണ് ശ്രീലങ്ക. ഇത്രയും പ്രാധാന്യമുള്ള ഒരു രാജ്യത്തെ ഈ വിധത്തില്‍ തകരാന്‍ അനുവദിക്കരുതെന്ന കാഴ്ചപ്പാടാണ് ഐ എം എഫിനും ലോകബാങ്കിനുമുള്ളത്.

ശ്രീലങ്കയുടെ കൈവശം ഇപ്പോള്‍ 25 മില്യണ്‍ ഡോളര്‍ വിദേശ കരുതല്‍ ശേഖരം മാത്രമേയുള്ളൂ എന്നാണ് ധനമന്ത്രാലയം അറിയിച്ചത്. കോടിക്കണക്കിന് കടം തിരിച്ചടയ്ക്കണം. ഇറക്കുമതിക്ക് നല്‍കാനുള്ള പണവും കൈവശമില്ല. ശ്രീലങ്കന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 360 ആയി കുറഞ്ഞിരിക്കുകയുമാണ്. ഇത് ഇറക്കുമതിച്ചെലവ് കൂടുതല്‍ വര്‍ധിപ്പിക്കും. ഐ എം എഫില്‍ നിന്നോ ലോക ബാങ്കില്‍ നിന്നോ ലഭിക്കുന്ന ഏതു സഹായവും പാഴാകില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടാകണമെന്നുറപ്പാണ്.

അതിനിടെ ഐക്യരാഷ്ട്ര സഭതന്നെ ശ്രീലങ്കക്കുവേണ്ടി ലോക വ്യാപകമായി സഹായം അഭ്യര്‍ഥിച്ചിരുന്നു. ശ്രീലങ്ക നേരിട്ട് ഇന്ത്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളോടും സഹായം തേടി. 300 കോടിയോളം ഡോളറിന്റെ സഹായം ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്. ഗോതാബയയുടെ രാജിയോടെ ആഗോള തലത്തിലുള്ള സഹായം വലിയ തോതില്‍ ലഭ്യമാവുമോ എന്നാണ് ഉറ്റുനോക്കുന്നത്.

(പരമ്പര തുടരും)

Read Previous Episodes:

1 – കനലെരിഞ്ഞ് സിംഹള സാമ്രാജ്യം
2- രക്തക്കറപുരണ്ട അധികാരം; കൂട്ടക്കുരുതിയുടെ നാളുകൾ

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest