Connect with us

National

വിമത പ്രശ്‌നം രൂക്ഷം; തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ വന്‍ അഴിച്ചുപണി

തൃണമൂല്‍ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് സായൂണി ഘോഷിനെ നീക്കി പകരം അര്‍ണബ് ബാനര്‍ജിയെ നിയോഗിച്ചു. വടക്കന്‍ കൊല്‍ക്കത്ത ഘടകം പ്രസിഡന്റായി കുനാല്‍ ഘോഷിനെ നിയമിച്ചിട്ടുണ്ട്.

Published

|

Last Updated

കൊല്‍ക്കത്ത | തൃണമൂല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ പാര്‍ട്ടി വലിയതോതില്‍ ആഭ്യന്തര പ്രതിസന്ധിയെ നേരിടുന്നതിനിടെയാണ് സംഘടനാ തലപ്പത്ത് നിരവധി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പാര്‍ട്ടി തലവന്‍ മമത ബാനര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് അഴിച്ചുപണിക്ക് തീരുമാനമായത്. നേതാക്കളായ അഭിഷേക് ബാനര്‍ജിയും കല്യാണ്‍ ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

തൃണമൂല്‍ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷ (യുവ സഭാപതി) സ്ഥാനത്തു നിന്ന് സായൂണി ഘോഷിനെ നീക്കി പകരം അര്‍ണബ് ബാനര്‍ജിയെ നിയോഗിച്ചു. വടക്കന്‍ കൊല്‍ക്കത്ത ഘടകം പ്രസിഡന്റായി കുനാല്‍ ഘോഷിനെ നിയമിച്ചിട്ടുണ്ട്. ന്യൂനപക്ഷ സെല്‍ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് (വനിതാ വിഭാഗം) പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്ന പാര്‍ട്ടി എം പി. സുദിപ് ബന്ദ്യോപാദ്ധ്യായ തലവനായുള്ള കോര്‍ കമ്മിറ്റിയായിരുന്നു വടക്കന്‍ കൊല്‍ക്കത്ത ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ഏകോപിപ്പിച്ചിരുന്നത്. പാര്‍ട്ടിക്കകത്ത് വ്യത്യസ്ത ബ്ലോക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമത വിഭാഗം സമര്‍പ്പിച്ച കത്തില്‍ സുദിപ് ഒപ്പിട്ടിരുന്നു. ടി എം സിയുടെ 28 ലോക്‌സഭാ എം പിമാരില്‍ 19 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കകോലി ഘോഷ് ദസ്ദിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ അവകാശവാദം. യഥാര്‍ഥ ടി എം സിയായി തങ്ങളെ അംഗീകരിക്കണമെന്ന് നാളെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് ആവശ്യപ്പെടുമെന്ന് വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭയിലെ പാര്‍ട്ടി ഉപദേഷ്ടാവായി മുതിര്‍ന്ന ടി എം സി നേതാവും എം പിയുമായ സൗഗത റോയിയെ നിയമിച്ചിട്ടുണ്ട്. ബന്ദ്യോപാദ്ധ്യായ വിമത വിഭാഗത്തിന്റെ കത്തില്‍ ഒപ്പിട്ടതും മുന്‍ തൃണമൂല്‍ മന്ത്രി മാനസ് ഭുനിയ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതും മമത ബാനര്‍ജിയുടെ ക്യാമ്പില്‍ കടുത്ത ആശങ്കക്ക് കാരണമായിട്ടുണ്ട്.

 

Latest