National
അനധികൃത കല്‍ക്കരി ഖനിയില്‍ വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു; ദുരന്തം ഝാര്‍ഖണ്ഡില്‍
രാംഗര്‍ ജില്ലയിലെ ഗിഡ്ഡി-രാംഗര്‍ അതിര്‍ത്തിയില്‍ വനപ്രദേശത്തുള്ള ഖനിയിലാണ് അപകടം.
റാഞ്ചി | അനധികൃത കല്‍ക്കരി ഖനിയില്‍ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡില്‍ രാംഗര്‍ ജില്ലയിലെ ഗിഡ്ഡി-രാംഗര്‍ അതിര്‍ത്തിയില്‍ വനപ്രദേശത്തുള്ള ഖനിയിലാണ് അപകടം. ആശിഷ് രാജ്വാര്‍ (25), കിഷോര്‍ രവാനി (35), ദേവ കുമാര്‍ ബേഡിയ (25), ദബ്‌ലു ബേഡിയ (30) എന്നിവരാണ് മരിച്ചത്.
പൂട്ടിയിട്ടിരുന്ന ഖനിയില്‍ ഖനന പ്രവൃത്തിക്കായി ഇവര്‍ അകത്തു കടന്നപ്പോഴാണ് ദുരന്തം സംഭവിച്ചത്. ആദ്യം ഖനിക്കകത്ത് പ്രവേശിച്ചയാള്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും ബോധരഹിതരാവുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നാലുപേരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. രണ്ടുപേര്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മറ്റ് രണ്ടുപേരുടെ ജീവന്‍ ചികിത്സക്കിടെയും നഷ്ടപ്പെട്ടു. അനധികൃതമായാണ് ഈ ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.







