Editorial
ജൂൺ 30ഓടെ പേപ്പർ കറൻസി പിൻവലിക്കുമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി കേന്ദ്ര സർക്കാർ
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിന് മുൻപ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ന്യൂഡൽഹി | രാജ്യത്ത് നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജൂൺ 30ഓടെ പേപ്പർ നോട്ടുകൾ പൂർണ്ണമായും നിർത്തലാക്കി പകരം പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു. നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ നിയമപരമായ ടെണ്ടറായി തന്നെ വിപണിയിൽ തുടരുമെന്നും കേന്ദ്ര ബാങ്ക് ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം ഡിജിറ്റലായി വികൃതമാക്കി നിർമ്മിച്ച വ്യാജ വീഡിയോ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത്. ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ കൈമാറരുതെന്നും പി ഐ ബി അഭ്യർത്ഥിച്ചു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിന് മുൻപ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ആധികാരികമായ വിവരങ്ങൾക്കായി ആർ ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ആശ്രയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം, പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശം റിസർവ് ബാങ്കിന്റെ പരിഗണനയിലുണ്ടെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നീക്കം പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും ഇതിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് അദ്ദേഹം മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ബാങ്ക് പഠിച്ചുവരികയാണ്.
നേരത്തെ 2014 ഫെബ്രുവരിയിൽ, പരീക്ഷണാടിസ്ഥാനത്തിൽ പത്ത് രൂപയുടെ ഒരു ബില്യൺ പ്ലാസ്റ്റിക് നോട്ടുകൾ രാജ്യത്തെ അഞ്ച് നഗരങ്ങളിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ വൈവിധ്യങ്ങൾ കണക്കിലെടുത്ത് കൊച്ചി, മൈസൂർ, ജയ്പൂർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളെയാണ് അന്ന് ഇതിനായി തിരഞ്ഞെടുത്തിരുന്നത്.
Summary
The Government of India has dismissed social media rumors claiming that the Reserve Bank of India plans to withdraw paper currency notes and replace them with plastic ones by June 30, 2026. A PIB Fact Check revealed that a digitally altered video mimicking the Prime Minister’s voice was used to spread this misinformation. While RBI Governor Sanjay Malhotra confirmed that a proposal for polymer notes is under preliminary consideration, no final decision has been made yet.







