National
'ഡി ജി പി ജോലി ചെയ്യുന്നയാളോട് കോണ്‍സ്റ്റബിളിന്റെ പണിയെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാകും'; പ്രതികരണവുമായി ആര്‍ ശ്രീലേഖ
'ബി ജെ പിയില്‍ നിന്നും താന്‍ രാജിവെച്ചിട്ടില്ല. പാര്‍ട്ടി അംഗമായി ആജീവനാന്തം തുടരും.'
തിരുവനന്തപുരം | കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് താന്‍ രാജി സന്ദേശം അയക്കേണ്ടി വന്നതിലെ സാഹചര്യം വിശദീകരിച്ച് ആര്‍ ശ്രീലേഖ. ഡി ജി പിയുടെ ജോലി ചെയ്യുന്നയാളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബി ജെ പി നേതൃത്വത്തിനെതിരെ പരോക്ഷ ആക്രമണവുമായി ശ്രീലേഖ പറഞ്ഞു. താന്‍ എന്ത് ചെയ്താലും ചിലര്‍ വിമര്‍ശനവുമായി വരികയാണ്. ഇതില്‍ പ്രയാസം അനുഭവപ്പെട്ടപ്പോഴാണ് മേയര്‍ക്ക് രാജി സന്ദേശം അയച്ചതെന്നും ശ്രീലേഖ വ്യക്തമാക്കി.
‘ബി ജെ പിയില്‍ നിന്നും താന്‍ രാജിവെച്ചിട്ടില്ല. പാര്‍ട്ടി അംഗമായി ആജീവനാന്തം തുടരും. ഞാനൊരു മോദി ഭക്തയാണ്. അതുകൊണ്ട് ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല. ശ്രീലേഖ ബി ജെ പിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരും, ഉറപ്പ്’- എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയില്‍ അവര്‍ പറഞ്ഞു.
തന്നെ മേയര്‍ ആക്കാത്തതിനാലാണ് കൗണ്‍സിലര്‍ സ്ഥാനം രാജി വച്ചതെന്ന ആരോപണത്തില്‍ കഴമ്പില്ല. ഡി ജി പിയോട് പോലീസ് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറഞ്ഞാലും ആര്‍മി ജനറലിനോട് പട്ടാളക്കാരനായി പോയി അതിര്‍ത്തി കാക്കൂവെന്ന് പറഞ്ഞാലും പ്രാവര്‍ത്തികമാക്കുന്ന പ്രയാസമായിരിക്കും. ആ പ്രയാസങ്ങളെല്ലാം സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്തുകൊണ്ടിരിക്കുന്നതും. പോലീസ് ഓഫീസര്‍ ആയിരിക്കെയുണ്ടായ സമ്മര്‍ദം നേരത്തെ തുറന്നു പറഞ്ഞതാണ്. വലിയ സപ്പോര്‍ട്ട് സിസ്റ്റം പോലീസില്‍ ഉണ്ടായിരുന്നതിനാലാണ് അന്ന് രാജിവെക്കാതെ അതിജീവിച്ചത്. താന്‍ വിളിച്ചുപറഞ്ഞാല്‍ അവര്‍ കേള്‍ക്കുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
‘ജോലിയും അഡ്മിഷനും വേണം എന്നതടക്കം അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉള്‍പ്പെടെ എനിക്ക് ചെയ്യാന്‍ പറ്റാത്ത പലകാര്യങ്ങളും രാത്രിവരെ വീട്ടിലും ഓഫീസിലും എത്തി ആളുകള്‍ സംസാരിക്കുന്നു. ഉപദേശം മതിയെന്ന് പറഞ്ഞ് അത് നിര്‍ദേശിച്ചാലും അവര്‍ തൃപ്തരായിരിക്കില്ല. ഒരു പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞാല്‍ കേള്‍ക്കില്ല. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കേരളത്തില്‍ ബി ജെ പി കൗണ്‍സിലര്‍ എന്ന നിലയില്‍ ആരും എന്നെ കേള്‍ക്കുന്നില്ല. അത്തരമൊരി സമ്മര്‍ദത്തിലൂടെ കടന്നുപോയപ്പോള്‍ എന്നെക്കൊണ്ട് പറ്റില്ലെന്ന് തോന്നി. ഇതിനു പിന്നാലെ കടുത്ത ആരോഗ്യപ്രശ്നങ്ങളും നേരിട്ടതിനാലാണ് സെപ്തംബര്‍ 30ന് രാജി കൈമാറിയതെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്നും ശ്രീലേഖ വിശദീകരിച്ചു.
Content Highlights:
Former IPS officer R. Sreelekha has shared her perspective on police department roles and responsibilities. She remarked that expecting a DGP-level official to handle constable duties creates practical difficulties. Her statements have drawn attention across Kerala media platforms.



