Kerala
പൊന്മുടി അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
രാജാക്കാട്| ഇടുക്കി പൊന്മുടി അണക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കാണാതായ മറ്റൊരു വിദ്യാർഥി അരുണിനായുള്ള തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ചയാണ് വിദ്യാർഥികളെ അണക്കെട്ടിൽ കാണാതായത്. മരക്കാനത്ത് സുഹൃത്ത് ശബരിമല തീർഥാടനത്തിന് പോകുന്നതിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികൾ. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ അണക്കെട്ടിൽ കുളിക്കാനിറങ്ങി.
എട്ടുപേരടങ്ങുന്ന സംഘമാണ് അണക്കെട്ടിലെത്തിയത്. എന്നാൽ ക്രിസ്റ്റോയും അരുണും മാത്രമാണ് വെള്ളത്തിലിറങ്ങിയത്. മറ്റുള്ളവർ മടങ്ങിപ്പോയി. ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിവരം അറിയുന്നത്.
Content Highlights: The body of ninth-grade student Christo from Panickankudy school was recovered by a scuba team from Thodupuzha at Ponmudi dam in Idukki, while search continues for missing student Arun. The two had entered the water around 2 pm on Saturday after attending a friend’s Sabarimala kettunira ritual in Marakkanam. Relatives initiated a search when they did not return and learned they had gone to the dam.

