Ongoing News
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പി വി അന്‍വര്‍
തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചു
മലപ്പുറം | തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചുവെന്നും ഉടന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും. മേയ് പകുതിയോടെ പുതിയ പാര്‍ട്ടി നിലവില്‍ വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഒന്നര വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്. പഞ്ചായത്ത് തലത്തില്‍ വരെ കമ്മിറ്റി രൂപീകരിച്ച് നന്നായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വാഭാവികമായി ലഭിക്കേണ്ട ഒരു പിന്തുണയും ലഭിച്ചില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് പിന്മാറി. കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള ഒരു രാഷ്ട്രീയ നീക്കത്തെയും പിന്തുണയ്ക്കാന്‍ ബംഗാളില്‍ അവര്‍ക്ക് പ്രയാസമുണ്ട് എന്ന് നേതൃത്വം അറിയിച്ചു.ബംഗാളില്‍ അത് രാഷ്ട്രീയപരമായി ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് തൃണമൂലുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും പി വി അന്‍വര്‍ വിശദീകരിച്ചു




