Connect with us

ആരോഗ്യം

പയർ,പരിപ്പ് വർഗങ്ങൾ; പോഷക സമ്പൂർണ സൂപ്പർ ഫുഡ്

ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ജീവിതശൈലി രോഗങ്ങളുടെ വർധനവ്. ഈ സാഹചര്യത്തിൽ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കുള്ള മടങ്ങിവരവ് മനുഷ്യ വർഗത്തിന് അനിവാര്യമാണ്.

Published

|

Last Updated

നുഷ്യരുടെ ഭക്ഷണത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന പയർ വർഗങ്ങൾ ഇന്ന് ആരോഗ്യസംരക്ഷണത്തിൽ വീണ്ടും പ്രാധാന്യം നേടുകയാണ്. പരിപ്പ്, കടല, വിവിധ തരത്തിലുള്ള പയർ വർഗങ്ങൾ, ഗ്രീൻ പീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ജീവിതശൈലി രോഗങ്ങളുടെ വർധനവ്. ഈ സാഹചര്യത്തിൽ, ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കുള്ള മടങ്ങിവരവ് മനുഷ്യ വർഗത്തിന് അനിവാര്യമാണ്.

പയർ വർഗങ്ങളും ഗുണങ്ങളും

1. മാംസ്യത്തിന്റെ മികച്ച സ്രോതസ്സ്

സസ്യജന്യ മാംസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് പയർ വർഗങ്ങൾ. സസ്യാഹാരികൾക്കും വീഗൻ ഭക്ഷണശൈലി പിന്തുടരുന്നവർക്കും ഇത് ഒരു മികച്ച പ്രോട്ടീൻ സ്രോതസ്സാണ്. പ്രോട്ടീൻ അപര്യാപ്തത വർധിച്ച് വരുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും, ഒരു ലളിത പരിഹാരമാണ് പയർ വർഗങ്ങൾ. ധാന്യങ്ങൾക്കൊപ്പം പയർ വർഗങ്ങൾ ചേർത്ത് കഴിക്കുമ്പോൾ സമ്പൂർണമായ മാംസ്യം ലഭ്യമാകുന്നു. ചോറിനൊപ്പം ഒരു പയർ വർഗം എന്ന പഴയ ഭക്ഷണരീതി, അമിനോ ആസിഡുകളുടെ പൂർണ അളവിൽ ലഭ്യമാക്കുന്നു.

2. ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ, നാരുകളുടെ (Dietary Fiber) മികച്ച ഉറവിടം കൂടിയാണ് പയർ വർഗങ്ങൾ. നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കുകയും ദീർഘനേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു.

3. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നാരുകൾ സുപ്രധാന പങ്കുവഹിക്കുന്നതിനാൽ പ്രമേഹമുള്ളവർക്കും, പ്രമേഹ സാധ്യതയുള്ളവർക്കും പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണ്. അതോടൊപ്പം തന്നെ മഗ്‌നീഷ്യവും, പൊട്ടാസ്യവും രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

4. ഏതു പ്രായക്കാർക്കും അനുയോജ്യം

ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ പോലുള്ള ധാതുക്കളും വിറ്റാമിനുകളും പയർ വർഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഒരു ഭക്ഷണം ആയതും ഇവയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇരുമ്പ് വിളർച്ച തടയാൻ സഹായിക്കുന്നു. ഗർഭിണികൾക്ക് അനിവാര്യമായ ഫോളേറ്റ് – ഭ്രൂണവികാസത്തിനും ജനനവൈകല്യങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കുട്ടികളുടെ വളർച്ചക്കും, കൗമാരപ്രായത്തിലെ പോഷക ആവശ്യങ്ങൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വയോധികർക്കുമെല്ലാം പയർ വർഗങ്ങൾ അത്യന്തം പ്രാധാന്യമുള്ളതാണ്.

5. പരിസ്ഥിതി സൗഹാർദ വിളകൾ

പയർ വർഗങ്ങൾ ആരോഗ്യത്തിനൊപ്പം പരിസ്ഥിതിക്കും ഗുണകരമാണ്. പയർ വർഗങ്ങൾ മണ്ണിൽ നൈട്രജൻ സ്ഥിരപ്പെടുത്തുന്ന സവിശേഷതയുള്ളതിനാൽ രാസവളങ്ങളുടെ ആവശ്യം കുറയുകയും മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുകയും ചെയ്യുന്നു.

പയർവർഗങ്ങൾ ഭക്ഷണത്തിൽ

സൂപ്പുകൾ

പരിപ്പ്, കടല, പയർ എന്നിവ ചേർത്ത് പോഷകസമൃദ്ധമായ സൂപ്പുകൾ തയ്യാറാക്കാം.

സാലഡുകൾ

പാചകം ചെയ്ത പയർവർഗങ്ങൾ സാലഡിൽ ചേർക്കുന്നത് വഴി പ്രോട്ടീനുകളുടെയും നാരുകളുടെയും ലഭ്യത വർധിക്കും. അതോടൊപ്പം തന്നെ മുളപ്പിച്ച പയർവർഗങ്ങൾ സാലഡുകളിൽ ചേർക്കുന്നത് പോഷകമൂല്യം വർധിപ്പിക്കാൻ സഹായിക്കുന്നു.

കറികളും പരിപ്പ് വിഭവങ്ങളും:

പരമ്പരാഗത ദാൽ/ പരിപ്പ് കറികൾ ആരോഗ്യകരവും രുചികരവുമാണ്.

ഹമ്മസ്സ് സ്‌പ്രെഡുകൾ

കടല ഉപയോഗിച്ച് തയ്യാറാക്കുന്ന ഹമ്മസ് ഒരു മികച്ച പ്രോട്ടീൻ സ്രോതസ്സാണ്. സാൻവിച്ചുകളിൽ ഈ സ്‌പ്രെഡുകൾ ഉപയോഗിക്കാവുന്നതാണ്.

വെജിറ്റബിൾ പാറ്റീസ്, ബർഗറുകൾ

പയർ വർഗങ്ങൾ അരച്ച് മസാലകൾ ചേർത്ത് പ്ലാന്റ്- ബേസ്ഡ് ബർഗറുകൾ തയ്യാറാക്കാം.

പായസങ്ങൾ, മധുരപലഹാരങ്ങൾ

ചെറുപയർ, കടല, ഉഴുന്ന് തുടങ്ങിയ പയർ വർഗങ്ങൾ ഉപയോഗിച്ച് പായസം ഉൾപ്പെടെയുള്ള പരമ്പരാഗത മധുരവിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. തേങ്ങാപ്പാൽ, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന പയർ വർഗ പായസങ്ങൾ രുചിയോടൊപ്പം പോഷകമൂല്യവും നൽകുന്നു.

 “പയർ കഴിച്ചാൽ ഗ്യാസ് ഉണ്ടാകും’ ; യാഥാർഥ്യമെന്ത്?

പലരും പറയുന്ന ഒരു പ്രധാന പരാതിയാണ് “പയർ കഴിച്ചാൽ ഗ്യാസ് ഉണ്ടാകും’ എന്നത്. പയർ വർഗങ്ങളിലെ ചില കാർബോ ഹൈഡ്രേറ്റുകൾ (raffinose, oligosaccharides) മനുഷ്യന്റെ ദഹനവ്യവസ്ഥക്ക് പൂർണമായി ദഹിപ്പിക്കാൻ കഴിയാത്തവയാണ്. ഇതാണ് ചിലർക്ക് ബ്ലോട്ടിംഗ്, വയറിനു അസ്വസ്ഥത എന്നിവക്ക് കാരണമാകുന്നത്. ഇവക്കുള്ള പരിഹാരം പയർ വർഗങ്ങൾ ഒഴിവാക്കുക എന്നതല്ല, ശരിയായ രീതിയിൽ തയ്യാറാക്കുക എന്നതാണ്.

പയർ വർഗങ്ങൾ ദഹനസൗഹൃദമാക്കാൻ വെള്ളത്തിൽ കുതിർക്കുന്നത്

6 – 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് ദഹിക്കാൻ ബുദ്ധിമുട്ടുള്ള കാർബോ ഹൈഡ്രേറ്റുകൾ കുറക്കാൻ സഹായിക്കുന്നു. പാചകസമയം കുറയ്ക്കാനും
ഈ പ്രക്രിയ സഹായകരമാണ്.

ഡ്രൈ റോസ്റ്റിംഗ് (Dry Roasting)
പയർ അല്ലെങ്കിൽ കടല ചെറുതായി വറുത്തെടുക്കുന്നതിനെ ഡ്രൈ റോസ്റ്റിംഗ് എന്ന് പറയുന്നു. ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ കുറയ്ക്കാൻ ഇതു വഴി സാധിക്കുന്നു. അതോടൊപ്പം തന്നെ രുചിയും ഗന്ധവും വർധിപ്പിക്കാനും സഹായിക്കുന്നു.

മുളപ്പിക്കൽ (Sprouting)

മുളപ്പിച്ച പയർ, പ്രോട്ടീനും ഇരുമ്പും കൂടുതൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഗ്യാസ്, വയർ വീർക്കൽ എന്നിവ കുറക്കുന്നു.

മാൾട്ടിംഗ് (Malting)

മുളപ്പിച്ച പയർ ഉണക്കി പൊടിക്കുന്ന പ്രക്രിയയാണ് മാൾട്ടിംഗ്. ഇത് വഴി കാർബോ ഹൈഡ്രേറ്റുകൾ ലളിതരൂപത്തിലാകുന്നു. കുട്ടികൾക്കും വയോധികർക്കും എളുപ്പം ദഹിക്കുന്ന ഭക്ഷണമാണിവ.

പ്രെഷർ കുക്കിംഗ് (Pressure Cooking)

പ്രെഷർ കുക്കറിൽ നന്നായി വേവിക്കുന്നത് പയർ വർഗങ്ങൾ മൃദുവാകാനും ദഹനപ്രശ്‌നങ്ങൾ കുറക്കാനും വളരെ ഫലപ്രദമാണ്. കൂടാതെ ജീരകം, ഇഞ്ചി, കായം (hing) പോലുള്ളവ ചേർക്കുന്നതും ഈ ദഹന പ്രശ്‌നങ്ങൾ കുറക്കാൻ ഗുണകരമാണ്. ഹൃദയാരോഗ്യം പ്രമേഹനിയന്ത്രണം, ശരീരഭാര നിയന്ത്രണം എന്നിവയിലൊക്കെയും ഗുണം ചെയ്യുന്ന യഥാർഥ സൂപ്പർ ഫുഡാണ് പയർ വർഗങ്ങൾ. വില കുറഞ്ഞതും ലഭ്യത കൂടുതൽ ഉള്ളതും പല വിധത്തിൽ ഉപയോഗിക്കാവുന്നതുമായ ഇവയെ ദിവസേന ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ആരോഗ്യസംരക്ഷണം എളുപ്പമാകും. ആരോഗ്യമുള്ള സമൂഹം ലക്ഷ്യമാക്കി, നമ്മുടെ ഭക്ഷണക്രമത്തിൽ പയർ വർഗങ്ങൾക്ക് അർഹമായ സ്ഥാനം തിരിച്ചുനൽകാനുള്ള ഒരു തുടക്കമാകട്ടെ ഈ “ലോക പയർ വർഗ ദിനം’.

 

 

Latest