Connect with us

Career Education

പബ്ലിക് അക്കൗണ്ടന്റ്

ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടേതിന് ഏതാണ്ട് തുല്യമായ ജോലിയാണ് അമേരിക്കയിൽ സി പി എ യോഗ്യതയുള്ളവർ ചെയ്യുന്നത്.

Published

|

Last Updated

ക്കൗണ്ടിംഗ് രംഗത്ത് അന്താരാഷ്ട്രതലത്തിൽ വലിയ അംഗീകാരമുള്ള യോഗ്യതയാണ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് നടത്തുന്ന സി പി എ അഥവാ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്കോഴ്സ്. ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടേതിന് ഏതാണ്ട് തുല്യമായ ജോലിയാണ് അമേരിക്കയിൽ സി പി എ യോഗ്യതയുള്ളവർ ചെയ്യുന്നത്.

അമേരിക്കൻ കമ്പനികളുടെയും മൾട്ടിനാഷനൽ കോർപറേഷനുകളുടെയും ഫിനാൻസ്, ഓഡിറ്റ്, ടാക്‌സേഷൻ രംഗത്ത് ഉന്നത കരിയർ ഈ കോഴ്‌സ് വഴി നേടാനാകും. ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ അംഗീകാരമുള്ളതാണ് യു എസ് സി പി എ സർട്ടിഫിക്കേഷൻ. ഈ പരീക്ഷയിൽ പ്രധാനമായും അക്കൗണ്ടിംഗ് രംഗത്തെ അമേരിക്കൻ നിലവാരം നിർണയിക്കുന്ന യു എസ് ജനറലി അക്സെപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപൽ (ജി എ എ പി), ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപോർടിംഗ് സ്റ്റാൻഡേർഡ്സ് (ഐ എഫ് ആർ എസ്), ഓഡിറ്റിംഗ്, ഇക്കണോമിക് അനാലിസിസ്, ടാക്‌സേഷൻ വൈദഗ്ധ്യം എന്നിവയിലെ അറിവാണ് പ്രധാനമായും പരിശോധിക്കുന്നത്.

പരീക്ഷ

മൂന്ന് കോർ സെക്‌ഷനും ഒരു ഡിസിപ്ലിൻ സെക്‌ഷനുമുൾപ്പെടെ നാല് പേപ്പറുകളാണ് സി പി എ പരീക്ഷക്ക് എഴുതാനുണ്ടാകുക.

കോർ സെക്‌ഷൻ

1. ഓഡിറ്റിംഗ് ആൻഡ് അറ്റസ്റ്റേഷൻ (എ യു ഡി): ഈ സെക്‌ഷനിൽ ഓഡിറ്റിംഗ് നടപടിക്രമങ്ങൾ, സാമ്പത്തിക നിയന്ത്രണങ്ങൾ, കമ്പനികൾ പാലിക്കേണ്ട നൈതികമായ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനങ്ങളാണുണ്ടാകുക.

2. ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് റിപോർടിംഗ് (എഫ് എ ആർ) : ഈ സെക്‌ഷനിൽ യു എസ് ജനറലി അക്‌സെപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പൽ (ജി എ എ പി), സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ തയ്യാറാക്കുന്ന രീതികൾ, സർക്കാർ കണക്കുകൾ തയ്യാറാക്കൽ എന്നിവയെ കുറിച്ചാണ് പഠിക്കുക.

3. റെഗുലേഷൻ (ആർ ഇ ജി): യു എസ് ഫെഡറൽ ടാക്‌സേഷൻ നിയമങ്ങൾ, ബിസിനസ്സ് നിയമങ്ങൾ, ധാർമികതത്വങ്ങൾ എന്നിവയാണ് ഈ സെക്‌ഷനിൽ പഠിക്കുന്നത്.

ഡിസിപ്ലിൻ സെക്‌ഷൻ

ഈ വിഭാഗത്തിൽ മൂന്ന് വിഷയങ്ങളിൽ ഒന്ന് തിരഞ്ഞെടുത്ത് പരീക്ഷ എഴുതണം.

1. ബിസിനസ്സ് അനലിറ്റിക്‌സ് ആൻഡ് റിപോർടിംഗ് (ബാർ) : അക്കൗണ്ടിംഗിലെ സാങ്കേതികതയും സാമ്പത്തിക അവലോകനം, മാനേജീരിയൽ അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലെ പഠനമാണ് ഈ സെക്‌ഷനിലുള്ളത്.

2. ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് കൺട്രോൾ (ഐ എസ് സി) ഇൻകം ടാക്സ് ഓഡിറ്റ്, ഡാറ്റ മാനേജ്മന്റ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങൾ ഈ സെക്‌ഷനിൽ പഠിക്കാനുണ്ടാകും.

3. ടാക്‌സ് കംപ്ലയൻസ് ആൻഡ് പ്ലാനിംഗ് : സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ടാക്‌സ് പ്ലാനിംഗും ബാധ്യതകൾ നികത്തുന്നതും സംബന്ധമായ പഠനമാണ് ഈ സെക്‌ഷനിലുണ്ടാകുക.

ഏതാണ്ട് രണ്ട് വർഷം കൊണ്ട് ഈ കോഴ്‌സ് പൂർത്തീകരിക്കാനാകും. ഒരു പേപ്പർ വിജയിച്ചാൽ ബാക്കി പേപ്പറുകൾ 18 മാസം കൊണ്ട് വിജയിക്കണം. സി പി എ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ടിതമാണ്. ഓരോ പരീക്ഷയും നാല് മണിക്കൂർ ദൈർഘ്യമുള്ളതാണ്. അൽപ്പം കാഠിന്യമുള്ള പേപ്പറുകളാണ് സി പി എക്കുള്ളത്. അതുകൊണ്ട് പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ നിരന്തരമായ മോക്ക് ടെസ്റ്റുകളും പ്രാക്ടീസ് ടെസ്റ്റുകളും ഉപയോഗപ്പെടുത്തണം.

എന്നാൽ, ഇന്ത്യൻ സി എ യെ താരതമ്യം ചെയ്യുമ്പോൾ എളുപ്പമുള്ള കോഴ്‌സാണ് യു എസ് സി പി എ. ഓരോ വിഷയവും വിജയിക്കാൻ 75 ശതമാനം മാർക്ക് നേടണം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള പ്രോമെട്രിക് സെന്ററുകളിൽ പരീക്ഷ എഴുതാനാകും. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ സി പി എ കോഴ്‌സിന് ആവശ്യമായ പരിശീലനം നൽകുന്നുണ്ട്. ഫിനാൻസ്, അക്കൗണ്ടിംഗ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സി പി എയുടെ കീഴിൽ ഒരു വർഷത്തെ പ്രായോഗിക പരിശീലനം നേടിയാൽ മാത്രമേ സി പി എ ലൈസൻസ് ലഭിക്കുകയുള്ളൂ.

യു എസ് സി പി എ യോഗ്യത നേടിയവർക്ക് ഇന്ത്യയിൽ തന്നെ തൊഴിൽ ലഭ്യമാണ്. അമേരിക്കൻ കമ്പനികളായ കെ പി എം ജി, ഇ ആൻഡ് വൈ, ആമസോൺ തുടങ്ങി അനേകം സ്ഥാപനങ്ങൾ സി പി എക്കാരെ വലിയ തോതിൽ നിയമിക്കുന്നുണ്ട്.

അപേക്ഷ

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾക്ക് വ്യത്യസ്തങ്ങളായ യോഗ്യതാ. മാനദണ്ഡങ്ങളായതിനാൽ ഏതെങ്കിലും സൗകര്യപ്രദമായ സംസ്ഥാനം അപേക്ഷിക്കാൻ തിരഞ്ഞെടുക്കണം. ആ സംസ്ഥാനത്തെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിവേണം അപേക്ഷാ നടപടികൾ ആരംഭിക്കാൻ. പ്രവേശനത്തിന് 120 കോളജ് ക്രെഡിറ്റ് എങ്കിലും വേണം. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇത്ര ക്രെഡിറ്റ് പോയിന്റ്ഉണ്ടാകില്ല. അതിനാൽ, സി പി എ അപേക്ഷകർക്ക് ഡിഗ്രി കൂടാതെ മറ്റ് യോഗ്യതകൾ കൂടി വേണ്ടിവരും. എം കോം, സി എ, സി എം എ യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാനാകും. യോഗ്യത ഉറപ്പുവരുത്തിയ ശേഷം ഇവാല്യൂവേഷൻ റിപോർട്ട് സമർപ്പിക്കുകയും സി പി എ എക്‌സാം അപ്രൂവലിനു വേണ്ടി അപേക്ഷ സമർപ്പിക്കുകയും വേണം.

അപേക്ഷ അംഗീകരിക്കപ്പെട്ടാൽ അപേക്ഷകന് പരീക്ഷ എഴുതാൻ അനുവദിച്ചു കൊണ്ടുള്ള നോട്ടീസ് ടു ഷെഡ്യൂൾ (എൻ ടി എസ്) ലഭിക്കും. ഇതിനു ശേഷം പ്രൊമെട്രിക് സെന്ററിൽ പരീക്ഷ ഷെഡ്യൂൾ ചെയ്യാവുന്നതാണ്. സി പി എ സംബന്ധമായ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും https://nasba.org/cpa-portal/എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
സി പി എ പ്രവേശന പ്രക്രിയ സങ്കീർണമായതിനാൽ, പരിചയ സമ്പന്നരായ എജ്യുക്കേഷനൽ കൺസൾട്ടന്റുമാരുടെയോ കോച്ചിംഗ് സ്ഥാപനങ്ങളുടെയോ സഹായം തേടുന്നത് നല്ലതാണ്.

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----