Kerala
കനത്ത പരാജയം; പി ടി ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി നല്കി
അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് കോടതിയെ സമീപിക്കാനോ തെരഞ്ഞെടുപ്പ് ഫലം നേരിട്ട് ചോദ്യം ചെയ്യാനോ ഇല്ല
ന്യൂഡല്‍ഹി | ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട പ്രസിഡന്റ് പി ടി ഉഷ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് കോടതിയെ സമീപിക്കാനോ തെരഞ്ഞെടുപ്പ് ഫലം നേരിട്ട് ചോദ്യം ചെയ്യാനോ ഉഷ താല്പര്യപ്പെടുന്നില്ലെന്നാണ് വിവരം.
വരണാധികാരി സഞ്ജയ് കെ ശ്രീവാസ്തവ നിഷ്പക്ഷത പുലര്‍ത്തിയില്ലെന്ന് ഉഷ ഐ ഒ സി പ്രസിഡന്റ് കിര്‍സ്റ്റി കോവെന്‍ട്രിക്ക് അയച്ച മൂന്നു പേജുള്ള കത്തില്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ഐ ഒ സിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ ആവശ്യം. വ്യക്തിപരമായ തോല്‍വിയുടെ പേരിലല്ല പരാതിയെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ ഒ എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നല്‍കുന്നതെന്നും ഉഷ വ്യക്തമാക്കി.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനര്‍ജി, യോഗേശ്വര്‍ ദത്ത് എന്നിവരുടെ പേരില്‍ പ്രത്യേക പാനലിനായി വോട്ടുചോദിച്ചതായി ഉഷ ആരോപിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്. കൂടാതെ വോട്ട് രേഖപ്പെടുത്തിയത് സ്ഥിരീകരിക്കാന്‍ വോട്ടര്‍മാര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായി. ചിലര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ കത്തില്‍ സൂചിപ്പിക്കുന്നു.
പരാതി ഐഒസിയുടെ എത്തിക്സ് ആന്‍ഡ് കോംപ്ലയന്‍സ് ഓഫീസിനോ എത്തിക്സ് കമ്മീഷനോ കൈമാറി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാണ് ഉഷയുടെ ആവശ്യം. 2036-ല്‍ ഒളിമ്പിക്സിന് വേദിയാകാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് കായിക ഭരണരംഗത്ത് സുതാര്യതയും ആഗോള നിലവാരവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഏതെങ്കിലും അസോസിയേഷന്റെ പ്രതിനിധിയായി ഐ ഒ എ ഭാരവാഹിത്വത്തിന് ശ്രമിക്കില്ലെന്നും ഉഷ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights:IOA President PT Usha has written to the International Olympic Committee alleging severe irregularities and code of conduct violations in the recent Indian Olympic Association elections. Finishing fifth in the poll, Usha urged IOC President Kirsty Coventry to initiate an independent investigation into the returning officer’s conduct.

