Connect with us

Ongoing News

പ്രതിഷേധം കനത്തു; വിദ്യാഭ്യാസ വകുപ്പ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട് | സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സാമൂഹിക മാധ്യമങ്ങളിലും മറ്റും രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. സിറാജ് ലൈവ് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. സെപ്തംബര്‍ ഒമ്പതിന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജുമോന്‍ ജോസഫ് ഇറക്കിയ ഈ സര്‍ക്കുലറില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാണോ എന്നു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അനുമതി ലഭിച്ച ശേഷം മാത്രമേ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ എന്നും പറയുന്നു. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെന്നും ഇതിനു കൃത്യമായ മാര്‍ഗ നിര്‍ദേശമില്ലാത്തതിനാല്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

വിവാദ ഉത്തരവിനെക്കുറിച്ച് ചെറുകഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്തുംകടവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:
ഇങ്ങനെയൊരു സര്‍ക്കാര്‍ സര്‍ക്കുലര്‍ വായിച്ചപ്പോള്‍ ഹോ, ഈ ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഒരു കാര്യം എന്നാണ് ആദ്യം തോന്നിയത്. സര്‍ക്കുലര്‍ ഇറക്കിയ തീയതി ആഗസ്റ്റ് മാസം 2012 എന്നും വായിച്ചു! ഏത് പഹയന്‍ ആണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നതെന്ന് നോക്കിയപ്പോള്‍ എന്തോ പന്തിയില്ലായ്മ തോന്നി. തീയതി സൂക്ഷിച്ച് നോക്കിയപ്പോള്‍ ഞെട്ടി- 2012 അല്ല, 2021 ആഗസ്റ്റ്! അധ്യാപകരുടെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ എന്ത് ദ്രോഹമാണ് ഉണ്ടാക്കുന്നതെന്ന് കൂടി വ്യക്തമാക്കാന്‍ ഈ പരിഷ്‌കൃത കാലത്ത് ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാവുമ്പോള്‍ ഇത് കൂടുതല്‍ ഞെട്ടലുളവാക്കുന്നു. കലയില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയും വേരുകളുണ്ടാക്കിയ പ്രസ്ഥാനമാണത്. . കാരൂര്‍, ചെറുകാട് വൈലോപ്പിള്ളി ശ്രീധരമേനോന്‍, എം എന്‍ വിജയന്‍, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിഭാശാലികള്‍. ഭൂതകാലത്തിലെ പ്രകാശ ബിംബങ്ങളായ ആ അധ്യാപകരുടെ മുഖം ഓര്‍മയിലെത്തുകയാണ്.

അധ്യാപകരിലെ കലാ സാഹിത്യ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപന രംഗത്തുള്ള ‘വിദ്യാരംഗം കലാ സാഹിത്യ വേദിയും വിദ്യാരംഗം മാസികയുമൊക്കെ വലിയ മേഖല തന്നെ തുറന്നിട്ടുണ്ട്. അത് ഉദാരമായി പിന്തുണച്ച ചരിത്രമാണ് ഇടതുപക്ഷ സര്‍ക്കാറിനുള്ളത്. എഴുത്തുകാരനും ഐ എസ് ഉദ്യോസ്ഥനുമായ കെ വി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ‘വിദ്യാരംഗവു ‘മായി ബന്ധപ്പെട് വലിയ മുന്നേറ്റങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. വിദ്യാരംഗം എന്ന ആശയത്തിനു തന്നെ തുടക്കമിട്ടവരില്‍ കവി കൂടിയായ ആര്‍.രാമചന്ദ്രന്‍ നായര്‍ ഐ.എ.എസിനെ പോലുള്ളവരെയും നന്ദിപൂര്‍വ്വം നാം ഓര്‍ക്കണം. വിദ്യാരംഗം മാസിക അത്ഭുതപ്പെടുത്തുന്ന ഭംഗിയോടെയും ഉള്‍ക്കനത്തോടെയും പുറത്തിറങ്ങുന്നുണ്ട് ,ഇപ്പോള്‍. എന്നിട്ടും ഈ സര്‍ക്കാരിന്നിതെന്ത് പറ്റി? ഇനി വിദ്യാഭ്യാസവും ആഭ്യന്തര വകുപ്പിന് കീഴിലായിട്ടുണ്ടോ?

വായിക്കുകയും എഴുതുകയും ചെയ്യുന്ന അനേകം എഴുത്തുകാര്‍ വിദ്യാഭ്യാസ വകുപ്പിലുണ്ട്. അവരില്‍ മാത്രമാണ് ഈ യാന്ത്രിക വിദ്യാഭ്യാസ സമ്പ്രദായ കാലത്ത് വ്യക്തിപരമായ എന്നെപ്പോലുള്ളവര്‍ക്കുള്ള ഒരേയൊരു പ്രതീക്ഷ. അവര്‍ അവരാല്‍ ആവുംവിധം വിദ്യാഭ്യാസത്തെ സര്‍ഗ്ഗാത്മകതയോട് അടുപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. പിന്നെ കെ.എസ്.ആറിലെ നിയമങ്ങള്‍ . അതില്‍ പലതും കീറിക്കളയേണ്ടതും കാലഹരണപ്പെട്ടതുമാണ്. അതിനെക്കുറിച്ചൊക്കെ ചിന്താശേഷിയുള്ള മനുഷ്യര്‍ ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് തലതിരിഞ്ഞ നിലയില്‍ ഇജ്ജാതി സര്‍ക്കുലര്‍ വന്നിരിക്കുന്നത്. അറിയപ്പെടുന്ന യുവസാഹിത്യകാരനും അധ്യാപകനുമായ പ്രിയ സുഹൃത്ത് ഇന്ന് കാലത്ത് എനിക്കയച്ച വാട്സ് ആപ് സന്ദേശത്തില്‍ ഇതേക്കുറിച്ച് വളരെ ദു:ഖത്തോടെ എഴുതിയത് എത്ര ശരിയാണ്: ‘ആകെ ദുരന്തമാണിക്കാ ഈ നാട്ടില്‍ ‘. അതെ, ഈ സര്‍ക്കുലര്‍ ശരിയാണെങ്കില്‍ പരിഹാസ്യകരമായ ദുരന്തം തന്നെ!

ഒരല്പമെങ്കിലും സാഹിത്യവും കലയും ഉള്ള അധ്യാപകരാണ് മിക്കപ്പോഴും നല്ല അധ്യാപകര്‍. അവരാണ് കുട്ടികളെ അല്പമെങ്കിലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നത്. കുട്ടികളോടൊപ്പം അവര്‍ സ്‌കൂളിലുണ്ടാവണം. സര്‍ക്കാറിന്റെ ഒരു കൈയബദ്ധമാണിതെന്നും സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്നും ഒരു പൗരന്‍ എന്ന നിലയില്‍ ഇതെഴുതുന്ന ആള്‍ സ്വപ്നം കാണുന്നു. കൈയബദ്ധമാണ് എങ്കില്‍ ഈ സംവിധാനത്തിന്റെ ഘടനയ്ക്ക് വന്നു പെട്ട ദൗര്‍ബല്യങ്ങള്‍ പരിശോധിക്കപ്പെടണം.അത് പൊളിച്ചെഴുതണം. പ്രാപ്തരായ ആളുകളെ ആ കസേരയില്‍ ഇരുത്തണം.

 

Latest