National
തെലങ്കാനയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയില്‍ പ്രതിഷേധം
ദേവ(45) എന്ന ഓട്ടോ ഡ്രൈവര്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവനു സമീപം സ്വന്തം വാഹനം കത്തിച്ചു.
ബെംഗളൂരു| തെലങ്കാനയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പ്രതിഷേധം. ഓട്ടോറിക്ഷാ ഡ്രൈവറാണ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചത്. ദേവ(45) എന്ന ഓട്ടോ ഡ്രൈവര്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവനു സമീപം സ്വന്തം വാഹനം കത്തിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ പ്രജാഭവനിലേക്ക് ഓടിക്കയറി വാഹനത്തിന് തീ കൊളുത്തുകയും സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസും പ്രജാഭവനിലെ സെക്യൂരിറ്റിയും ചേര്‍ന്ന് തീ കൊളുത്തുന്നത് തടഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചുവെങ്കിലും ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ടിഎസ്ആര്‍ടിസി) ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ‘മഹാലക്ഷ്മി’ പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിലാണ്. പദ്ധതി തങ്ങളുടെ ദിവസ വരുമാനത്തെ ബാധിക്കുമെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.





