Articles
സ്ത്രീപക്ഷ നിലപാടുകളിലെ നബിസൗന്ദര്യം
സ്വന്തം ജീവിതത്തിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ മഹത്വം കാണിച്ചുകൊടുക്കുക മാത്രമല്ല, നിരന്തരമുള്ള ഉപദേശങ്ങളിലൂടെ സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെ നബി(സ) മാറ്റിയെടുത്തു.
ക്രൂരതകളുടെ കൂരിരുട്ട് പരന്ന കാലത്താണ് പ്രവാചകര്‍(സ)യുടെ നിയോഗം. ആ ജനതയുടെ അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരുന്നു. ഭാര്യയുടെ പ്രസവമടുക്കുമ്പോള്‍ കുഴിമാടമുണ്ടാക്കി കാത്തിരിക്കുന്നവരായിരുന്നു അന്നത്തെ ഭര്‍ത്താക്കന്മാര്‍. പിറക്കുന്നത് പെണ്ണാണെങ്കില്‍ മണ്ണിട്ട് മൂടാന്‍ ഒട്ടും താമസമുണ്ടായിരുന്നില്ല.
ഇരുണ്ട യുഗത്തിലെ പുരുഷന്മാര്‍ക്ക് അനുഭവിക്കാനും ആസ്വദിക്കാനും ഒന്നിലേറെ സ്ത്രീകള്‍ വേണമായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ അവര്‍ക്ക് അവലക്ഷണമായിരുന്നു. അവര്‍ കുടുംബത്തിന്റെ ഐശ്വര്യം ഇല്ലാതാക്കുമെന്ന വിശ്വാസം അക്കാലത്ത് നിലനിന്നിരുന്നു. ജനിക്കുന്നത് പെണ്ണാകരുതേ എന്ന് ഓരോ ഉമ്മയും ഉള്ളുരുകി പ്രാര്‍ഥിച്ചിരുന്നു.
ഇത്തരം വിശ്വാസങ്ങളുടെയും നീചവൃത്തികളുടെയും കാലഘട്ടത്തിലാണ് പ്രവാചകര്‍(സ) കടന്നുവരുന്നത്. ഫാത്വിമ(റ)യോടുള്ള സ്നേഹത്തിലൂടെ അവിടുന്ന് ജാഹിലിയ്യത്തിനെ നാണിപ്പിച്ചു. ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണെന്ന് വിളംബരം ചെയ്തു. എല്ലാ പ്രഭാതത്തിലും ഫാത്വിമയുടെ സുഖവിവരമന്വേഷിക്കാന്‍ അവരെ തേടിച്ചെന്നു. ഒരിക്കല്‍ മഹതിയുടെ അരികിലെത്തിയപ്പോള്‍ വിശപ്പിന്റെ കാഠിന്യത്താല്‍ പ്രയാസപ്പെടുന്ന മകളെ കണ്ടു. ഉടന്‍ തന്നെ ഒരു ജൂതന്റെ പൂന്തോട്ടത്തില്‍ ജോലിക്കാരനായി ചെന്ന് ബീവിയുടെ വിശപ്പകറ്റാന്‍ വഴി കണ്ടെത്തി.
സ്വന്തം ജീവിതത്തിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന്റെ മഹത്വം കാണിച്ചുകൊടുക്കുക മാത്രമല്ല, നിരന്തരമുള്ള ഉപദേശങ്ങളിലൂടെ സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെ നബി(സ) മാറ്റിയെടുത്തു. രണ്ട് പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കി വളര്‍ത്തിയെടുത്ത മാതാപിതാക്കള്‍ക്ക് ഇസ്ലാം സ്വര്‍ഗം ഉറപ്പുനല്‍കുന്നു എന്ന് നബി(സ) അവരെ ഉപദേശിച്ചു. ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ തന്റെ ഭാര്യയുടെ എല്ലാ സംരക്ഷണവും ഏറ്റെടുക്കണമെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്നും കല്‍പ്പിച്ചു. വിധവകളെ വിവാഹം ചെയ്ത് അവരുടെയും അവരുടെ അനാഥരായ മക്കളുടെയും സംരക്ഷണം ഏറ്റെടുത്ത നബി(സ)യുടെ മാതൃകയെ പുതിയ കാലം പരിഹസിക്കുന്നുവെങ്കിലും, അക്കാലത്ത് അനേകം സ്വഹാബിമാര്‍ വിധവാ വിവാഹത്തിനും അതുവഴി അവരെ സംരക്ഷിക്കുന്നതിനും മുന്നോട്ട് വരാനും വഴിയൊരുക്കി.
സ്ത്രീക്ക് സംരക്ഷണത്തിന്റെ കവചമൊരുക്കി ഇസ്ലാം. ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കി ഭാരിച്ച ജോലിയുടെയും ബാധ്യതകളുടെയും പ്രയാസങ്ങളില്‍ നിന്ന് അവരെ മുക്തരാക്കി. അവരെ സംരക്ഷിക്കാന്‍ എല്ലാ കാലത്തും ആളുണ്ടാകും വിധം അനന്തര സ്വത്തിന്റെ വിതരണം ശാസ്ത്രീയമാക്കി. പുരുഷന്‍ കഠിനാധ്വാനം കൊണ്ട് നേടേണ്ട പലതും വീട്ടിലിരുന്ന് സ്വന്തമാക്കാനാകും വിധം അവളോട് കരുണ കാണിച്ചു.
ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗം എന്ന് പറഞ്ഞ നബി(സ) ഏറ്റവും കടപ്പാടാരോടാണ് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഉമ്മ എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു. സ്ത്രീപക്ഷ നിലപാടുകളുടെ സൗന്ദര്യം ഇവ്വിധം മനോഹരമായി ആവിഷ്‌കരിച്ച ഒരാള്‍ നബി(സ) അല്ലാതെ മറ്റാരും ചരിത്രത്തില്‍ ഇല്ല.