Kerala
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി കനത്ത സുരക്ഷാ വലയത്തിൽ
മോദിയുടെ റോഡ് ഷോ വൈകിട്ട്; ഗതാഗത നിയന്ത്രണം
കൊച്ചി | രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചിന് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, അവിടെ നിന്ന് വെണ്ടുരുത്തി പാലം കടന്ന് തേവരയിലെ വേദിയിലേക്ക് മെഗാ റോഡ് ഷോ ആയാണ് എത്തുക. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജൻസ് റിപോർട്ട് ചോർന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചു.
തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന യുവം കോൺക്ലേവിൽ ഒന്നര മണിക്കൂറോളം യുവാക്കളുമായി മോദി സംവദിക്കും. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം ഒന്നര ലക്ഷം പേർ ഇതിനകം രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ യഷ്, ഋഷഭ് ഷെട്ടി, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവർ പരിപാടിക്ക് എത്തുമെന്നാണ് വിവരം. മലയാളത്തിലെ യുവതാരങ്ങളുമുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആവശ്യങ്ങളും യുവാക്കളിൽ നിന്ന് പ്രധാനമന്ത്രി തേടും.
രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9.25നാകും അവിടെ നിന്ന് പുറപ്പെടുക. രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. 20 മിനുട്ട് നീളുന്ന പരിപാടിയുടെ തുടർച്ചയായി റെയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവഹിക്കും.
റോഡ് ഷോക്ക് കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിലുള്ള ആശങ്ക പോലീസ് അറിയിച്ചിരുന്നു. 15,000 പേർ പങ്കെടുക്കുമെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അറിയിച്ചിട്ടുള്ളത്.
സുരക്ഷാ മുൻ കരുതലിൻ്റെ ഭാഗമായി പത്തോളം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നാളെ മടങ്ങിയതിന് ശേഷം മാത്രമാണ് ഇവരെ പുറത്തുവിടുക.



