National
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു
വകുപ്പിലെ എല്ലാ വിവരങ്ങളും കൈക്കൊള്ളേണ്ട തീരുമാനങ്ങളും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിവരികയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി
ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സാഹചര്യത്തിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ്ണവിശ്വാസത്തോടെയാണ് തനിക്ക് ഈ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചുമതലയേറ്റശേഷം പ്രള്‍ഹാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും നിലവിലെ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കര്‍ണാടകയിലായിരുന്ന താന്‍ വിവരം അറിഞ്ഞ ഉടന്‍ തന്നെ രാത്രിയോടെ ഡല്‍ഹിയില്‍ എത്തുകയായിരുന്നുവെന്ന് പ്രള്‍ഹാദ് ജോഷി പറഞ്ഞു. വകുപ്പിലെ എല്ലാ വിവരങ്ങളും കൈക്കൊള്ളേണ്ട തീരുമാനങ്ങളും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തിവരികയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
തനിക്ക് ഇതൊരു പുതിയ വകുപ്പാണെങ്കിലും, പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമതലയേറ്റയുടന്‍ തന്നെ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതായും പ്രള്‍ഹാദ് ജോഷി കൂട്ടിച്ചേര്‍ത്തു
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.
Content Highlights: Pralhad Joshi took charge as the new Union Education Minister at the ministry in New Delhi. He assumes the position following the resignation of Dharmendra Pradhan over the NEET paper leak controversy. Joshi stated that he is reviewing all department details and making necessary evaluations.


