Connect with us

Kozhikode

പോസ്റ്റ്‌മോര്‍ട്ടം: വിര്‍ച്വല്‍ ഓട്ടോപ്‌സി നടപ്പിലാക്കാനുള്ള നീക്കം സ്വാഗതാര്‍ഹം: എസ് വൈ എസ്

സി ടി സ്‌കാന്‍, എം ആര്‍ ഐ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ കഴിയുന്നത് മൃതദേഹങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ആദരവാണ്.

Published

|

Last Updated

കോഴിക്കോട് | അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ച വ്യക്തികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതമാക്കുന്ന ‘വിര്‍ച്വല്‍ ഓട്ടോപ്‌സി’ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം ശ്ലാഘനീയമാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. മൃതദേഹങ്ങളോട് ആദരവ് കാണിക്കണമെന്നത് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ഓരോ വ്യക്തിയുടേയും താത്പര്യവുമാണ്. കത്തിയും കത്രികയും ഉപയോഗിച്ചുള്ള പരമ്പരാഗത പോസ്റ്റുമോര്‍ട്ടം രീതികള്‍ക്ക് പകരം സി ടി സ്‌കാന്‍, എം ആര്‍ ഐ തുടങ്ങിയ അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ കഴിയുന്നത് മൃതദേഹങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ആദരവാണ്.

സാംസ്‌കാരികമായ താത്പര്യങ്ങളെയും മാനുഷിക പരിഗണനകളെയും മുന്‍നിര്‍ത്തി ഇത്തരമൊരു വിപ്ലവാത്മകമായ ആലോചന മുന്നോട്ടുവെക്കുന്ന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. മരണാനന്തര ചടങ്ങുകള്‍ വേഗത്തില്‍ നടത്തണമെന്നതും മൃതദേഹത്തോട് സ്വീകരിക്കേണ്ട നീതിയാണ്. എന്നാല്‍, അപ്രതീക്ഷിത മരണങ്ങളിലോ അപകടങ്ങളിലോ പെടുന്നവരുടെ ഭൗതികശരീരങ്ങള്‍ പരമ്പരാഗത രീതിയിലുള്ള പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മണിക്കൂറുകളോളം കാത്തുവെക്കേണ്ടി വരുന്നത് ബന്ധുക്കള്‍ക്ക് വലിയ മാനസിക സംഘര്‍ഷമുണ്ടാക്കുന്ന കാര്യമാണ്. പുതിയ സംവിധാനം വരുന്നതോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാകാനും ഭൗതികശരീരം വിട്ടുകിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനും സാധിക്കും. ഇത് ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും ഈ സംവിധാനം എത്രയും വേഗം യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അതിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ പൊതുസമൂഹം സര്‍ക്കാറിന്റെ കൂടെ നില്‍ക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

കാരന്തൂര്‍ മര്‍കസില്‍ ചേര്‍ന്ന യോഗം ഇബ്‌റാഹീം സഖാഫി താത്തൂരിന്റെ അധ്യക്ഷതയില്‍ കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ സഅദി പൂലോട്, ഡോ. അബൂബക്കര്‍ നിസാമി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഒ ടി ശഫീഖ് സഖാഫി, ഹാമിദലി സഖാഫി പാലാഴി, ശംസുദ്ദീന്‍ എന്‍ കെ പെരുവയല്‍, ബശീര്‍ പുല്ലാളൂര്‍, നിശാദ് കാരമൂല, അബ്ദുസമദ് സഖാഫി മായനാട്, സ്വാദിഖ് അറപ്പീടിക സംബന്ധിച്ചു. പി വി അഹ്മദ് കബീര്‍ സ്വാഗതവും മജീദ് പൂത്തൊടി നന്ദിയും പറഞ്ഞു.

 

Latest