Kerala
ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍; മൂന്ന് പേര്‍ പിടിയില്‍
പരസ്യ കമ്പനി ജീവനക്കാരായ വി ബി ജിബിന്‍, യദു കൃഷ്ണ, ശാന്തിമൂര്‍ത്തി എന്നിവരാണ് പിടിയിലായത്
തൃശൂര്‍ | മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചവരാണ് പിടിയിലായത്. പ്രതാപന്റെയും ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെയും പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായിരിക്കുന്നത്
മാര്‍ച്ച് 10 നാണ് പ്രതാപനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റപ്പാലത്തെ ഒരു പരസ്യ കമ്പനി ജീവനക്കാരായ വി ബി ജിബിന്‍, യദു കൃഷ്ണ, ശാന്തിമൂര്‍ത്തി എന്നിവരാണ് പിടിയിലായത്.തമിഴ്‌നാട് സ്വദേശിയാണ് ശാന്തിമൂര്‍ത്തി. വി.ബി. ജിബിന്‍, യദുകൃഷ്ണ എന്നിവര്‍ തൃശൂര്‍ സ്വദേശികളാണ്. ആര്‍ക്ക് വേണ്ടിയാണ് പരസ്യ കമ്പനിക്കാര്‍ പോസ്റ്റര്‍ ഒട്ടിച്ചത് എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല, പത്മജയെ തോല്‍പ്പിച്ചു അവസാനം പാര്‍ട്ടിയില്‍ നിന്ന് പുറത്തെത്തിച്ചു, മുരളിയെ കൂടെ നിന്ന് കുഴികുത്തി മൂടി, ലീഡറുടെ തൃശൂരിലെ കോണ്‍ഗ്രസിന്റെ കാലനാണ് പ്രതാപന്‍, ലീഡറുടെ കുടുംബത്തോട് ടി എന്‍ പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്.


