Connect with us

Kerala

എസ്‌ഐആര്‍; ബിഎല്‍ഒമാരുടെ ഇന്‍സെന്റീവ് വെട്ടിക്കുറച്ചെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനം തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയില്‍ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒ മാരുടെ ഇന്‍സെന്റീവ് സംസ്ഥാനം വെട്ടികുറച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ കൃത്യവും സൂക്ഷ്മവുമായി പൂര്‍ത്തീകരിച്ചുവെന്നും ഇതിനായി ജോലി ചെയ്ത ബി എല്‍ ഒ മാരുടെ ഇന്‍സെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടര്‍ പട്ടികയുടെ പരിഷ്‌ക്കരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതില്‍ പങ്കെടുത്ത ബി എല്‍ ഒ മാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശാനുസരണം സ്‌പെഷ്യല്‍ ഡ്രൈവ് എന്ന വിഭാഗത്തില്‍ അര്‍ഹമായ ഇന്‍സെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു കൊണ്ട് 24/07/2025 ലെ ിീ23/ആഘഛ/2025-ERS നമ്പര്‍ നിര്‍ദേശമുണ്ട്. ബി എല്‍ ഒ മാര്‍ക്ക് വാര്‍ഷിക വേതനം എന്ന വിഭാഗത്തില്‍ പന്ത്രണ്ടായിരം രൂപയും ബി എല്‍ ഒ സൂപ്പര്‍വൈസര്‍ക്ക് വാര്‍ഷിക വേതനം പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തി ആണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സംസ്ഥാനം തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയില്‍ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.

 

Latest