Connect with us

National

ഝാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ചമ്പായി സോറന് സത്യപ്രതിജ്ഞക്ക് സമയം നൽകാതെ ഗവർണർ

ഒരു ഭാഗത്ത് ഹേമന്ത് സോറന്റെ വിശ്വസതൻ ചമ്പായി സോറന്റെ നേതൃത്വത്തിൽ മന്ത്രിസഭാ രൂപവത്കരണ നീക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് ഓപ്പറേഷൻ കമലയിലൂടെ ഭരണം പിടിക്കാനുള്ള ചരടുവലികൾ നടത്തുകയാണ് ബിജെപി.

Published

|

Last Updated

റാഞ്ചി | മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ഝാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഒരു ഭാഗത്ത് ഹേമന്ത് സോറന്റെ വിശ്വസതൻ ചമ്പായി സോറന്റെ നേതൃത്വത്തിൽ മന്ത്രിസഭാ രൂപവത്കരണ നീക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് ഓപ്പറേഷൻ കമലയിലൂടെ ഭരണം പിടിക്കാനുള്ള ചരടുവലികൾ നടത്തുകയാണ് ബിജെപി.

ചമ്പായി സോറൻ 47 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് രണ്ട് തവണ ഗവർണറെ കണ്ടുവെങ്കിലും അദ്ദേഹത്തിന് ഇതുവരെ സത്യപ്രതിജ്ഞക്ക് സമയം അനുവദിച്ചിട്ടില്ല. അതിനിടെ, കുതിരക്കച്ചവടം ഭയന്ന് മഹാസഖ്യത്തിന്റെ എംഎൽഎമാരെ തെലങ്കാനയിലെ റിസോർട്ടിലേക്ക് മാറ്റി. റാഞ്ചി വിമാനത്താവളത്തിൽ നിന്ന് രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായാണ് എംഎൽഎമാരെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ എത്തിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മഹാസഖ്യത്തിന്റെ അഞ്ച് എംഎൽഎമാർ മാത്രമാണ് ഇപ്പോൾ റാഞ്ചിയിൽ ശേഷിക്കുന്നത്. ജെഎംഎമ്മിന്റെ ചമ്പായി സോറൻ, കോൺഗ്രസിന്റെ അലംഗീർ ആലം, പ്രദീപ് യാദവ്, ആർജെഡിയുടെ സത്യാനന്ദ് ഭോക്ത, സിപിഐ (എംഎൽ) അംഗം വിനോദ് സിംഗ് എന്നിവരാണ് തലസ്ഥാനത്തുള്ളത്. ഇവർ ഒഴികെ ബാക്കിയുള്ളവരെ എല്ലാം ഹൈദരാബാദിലേക്ക് മാറ്റിയിട്ടുണ്ട്.

ഭൂമി കുംഭകോണകേസിൽ ഇ ഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ രാജിവെച്ചതോടെയാണ് ഝാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇതിന് തൊട്ടുപിന്നാലെ, മഹാ സഖ്യം ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ ചമ്പായി സോറനെ നേതാവായി തിരഞ്ഞെടുത്തു. അതേ ദിവസം വൈകുന്നേരം ചമ്പായി സോറൻ ഗവർണർക്ക് കത്തെഴുതുകയും സർക്കാർ രൂപീകരണത്തിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഗവർണർ ഇതുവരെ സർക്കാർ രൂപവത്കരണത്തിന് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല.

Latest