സാഹിത്യം
സമരവീഥിയിൽ വിടർന്ന കവിതകൾ
സാമൂഹിക നീതിക്കുവേണ്ടി കവിതയെ ആയുധമാക്കിയ പോരാളിയായിരുന്നു ടോണി ഹാരിസൺ. തൊഴിലാളികളുൾപ്പെടെയുള്ള സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ സമത്വത്തിനും സ്വത്വപ്രകാശനത്തിനും വേണ്ടി അദ്ദേഹം വാദിച്ചു.
ബ്രിട്ടനിലെ ഏറ്റവും തലപ്പൊക്കമുള്ള കവികളിലൊരാളായിരുന്നു ഇക്കഴിഞ്ഞ സെപ്തംബർ ഇരുപത്തിയെട്ടിന് അന്തരിച്ച ടോണി ഹാരിസൺ. വർണം, വംശം, വർഗം എന്നിവയ്ക്കുമേൽ അധികാരം നടത്തുന്ന ബലപ്രയോഗങ്ങളുടെ നേർച്ചിത്രങ്ങൾ ലോകത്തിനു മുന്നിൽ വരച്ചിട്ട കവിയായിരുന്നു അദ്ദേഹം. മാനവികതയുടെയും സാമൂഹിക നീതിയുടെയും അടങ്ങാത്ത തൃഷ്ണയാൽ സ്പന്ദിക്കുന്നവയാണ് ഹാരിസണിന്റെ രചനകൾ. അതുകൊണ്ടുതന്നെ ഈ എഴുത്തുകാരന്റെ വിയോഗം അക്ഷരലോകത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്‌സിൽ ഒരു തൊഴിലാളി കുടുംബത്തിൽ 1937 ഏപ്രിൽ മുപ്പതിനാണ് ടോണി വില്ല്യം ഹാരിസൺ ജനിച്ചത്. ബേക്കറി ജോലിക്കാരനായിരുന്നു പിതാവ്. ലീഡ്‌സ് സർവകലാശാലയിൽനിന്നും ലിംഗ്വിസ്റ്റിക്സിൽ ബിരുദം നേടിയശേഷം അദ്ദേഹം കവിതകളെഴുതിക്കൊണ്ട് അക്ഷരലോകത്തേക്ക് പ്രവേശിച്ചു. ആദ്യകവിതാ സമാഹാരം Earth Works 1964ൽ പ്രകാശിതമായി. 1970ൽ The Loiners എന്ന സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെ ഹാരിസൺ രാജ്യത്തെ ശ്രദ്ധേയരായ കവികളിലൊരാളായി ഉയർന്നു. തുടർന്ന് നാടകരചനയിലേക്കും അദ്ദേഹത്തിന്റെ തൂലിക പ്രവേശിച്ചു. അതോടെ ബ്രിട്ടീഷ് നാടകലോകം പുതിയൊരു വസന്തത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.
ലണ്ടനിലെ നാഷനൽ തീയേറ്റർ, ന്യൂയോർക്കിലെ മെട്രോപൊലിറ്റൻ ഓപ്പറെ തീയേറ്റർ, ബ്രിട്ടീഷ് ടെലിവിഷൻ എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് ചലച്ചിത്ര ലോകത്തും തന്റെ സാന്നിധ്യം ഹാരിസൺ ഉറപ്പിക്കുകയുണ്ടായി. ഇതിനിടെ ഒട്ടേറെ വിഖ്യാതഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളും അദ്ദേഹം നിർവഹിച്ചു. ഇത്തരത്തിൽ ബഹുമുഖമായ മേഖലകളിൽ വ്യാപരിക്കുമ്പോഴും അടിസ്ഥാനപരമായി കവിയായി അറിയപ്പെടാനാണ് ഹാരിസൺ ആഗ്രഹിച്ചത്. ഒരിടത്ത് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. “ഞാൻ എഴുതിയതെല്ലാം കവിതയാണ്; അത് പുസ്തകങ്ങൾക്കായാലും ചലച്ചിത്രത്തിനായാലും നാടകശാലക്കായാലും കച്ചേരിക്കായാലും ടി വി ക്കുവേണ്ടിയായാലും…’
1985ൽ പ്രസിദ്ധീകരിച്ച വി (V) എന്ന കവിത ടോണി ഹാരിസൺ എന്ന കവിയെ രാജ്യാന്തരത്തലത്തിൽ പ്രശസ്തനാക്കി. തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്ന സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ നിത്യജീവിതവ്യവഹാരങ്ങളാണ് ഈ കവിതയുടെ മുഖ്യ പ്രമേയം. “എതിരെ’ എന്നോ “നേർക്കുനേർ’ എന്നോ അർഥമാക്കാവുന്ന “Versus’ എന്ന പദത്തിന്റെ ആദ്യാക്ഷരമായാണ് “V’കണക്കാക്കപ്പെടുന്നത്. തൊഴിലാളി ക്ഷേമത്തിനുവേണ്ടി ശബ്ദമുയർത്തുന്ന കലാസൃഷ്ടിയായി പൊതുവെ വിലയിരുത്തപ്പെടാമെങ്കിലും ബ്രിട്ടനിൽ ആ കാലത്തുണ്ടായിരുന്ന വർഗപരമായ എല്ലാവിധ അസമത്വങ്ങൾക്കുമെതിരെയുള്ള കടുത്ത പ്രതിഷേധമാണ് ഈ കവിതയുടെ ഉള്ളടരുകളിൽ പ്രകമ്പനം കൊള്ളുന്നതെന്നു കാണാം. From the School of Eloquence and Other Poems, The Shadow of Hiroshima, The Gaze of the Gorgon എന്നിവയാണ് ഈ എഴുത്തുകാരന്റെ മറ്റു ശ്രദ്ധേയ പുസ്തകങ്ങൾ. മിക്ക രചനകളും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്തർദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങളും അവ നേടുകയുണ്ടായി.
സാമൂഹിക നീതിക്കുവേണ്ടി കവിതയെ ആയുധമാക്കിയ പോരാളിയായിരുന്നു ടോണി ഹാരിസൺ. തൊഴിലാളികളുൾപ്പെടെയുള്ള സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ സമത്വത്തിനും സ്വത്വപ്രകാശനത്തിനും വേണ്ടി അദ്ദേഹം വാദിച്ചു. അതുവഴി മനുഷ്യരാശിയെ സമ്പത്തിന്റെയും പദവിയുടെയും അധികാരത്തിന്റെയും പേരിൽ വേർതിരിക്കുന്ന സാമൂഹികാവസ്ഥയെ വാക്കുകൾകൊണ്ട് ആക്രമിക്കുകയായിരുന്നു അദ്ദേഹം. ചൂഷണരഹിതവും തുല്യനീതിയിലധിഷ്ഠിതവുമായൊരു സാമൂഹികക്രമത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ രചനകളുടെ കലാപരതയ്ക്ക് മങ്ങലേൽപ്പിക്കാത്തവിധം ഭദ്രമായി ഹാരിസൺ വായനക്കാരുടെ മനസ്സിലേക്കു പകർത്തി.
അതുകൊണ്ടുതന്നെ കാവ്യസൗന്ദര്യത്തിന്റെ ഉദാത്തമായ നിദർശനങ്ങളെന്നാണ് അദ്ദേഹത്തിന്റെ രചനകൾ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ഉന്നതമായ ഭാവന, ഉജ്ജ്വലമായ ധിഷണ, മാനവികതയെക്കുറിച്ചുള്ള ഉദാത്തമായ ദർശനങ്ങൾ എന്നിവയെല്ലാം സമന്വയിച്ച വിസ്മയകരമായ ആഖ്യാനരീതിയാണ് ടോണി ഹാരിസൺ എന്ന കവിയുടെ രചനകളെ ഇത്രമേൽ ആസ്വാദ്യകരവും അതേസമയം കാലികപ്രസക്തവുമാക്കുന്ന പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ കവി അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകൾ, വിശേഷിച്ചും കവിതകൾ, സഹൃദയലോകത്തെ ത്രസിപ്പിച്ചുകൊണ്ട് ഏറെക്കാലം നിലനിൽക്കുമെന്നതിൽ സംശയമില്ല.


