Kerala
വിനാശകാലെ വിപരീതബുദ്ധി; ഇ എന്‍ സുരേഷ് ബാബുവിനെ സംരക്ഷിക്കുന്ന നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച് പി കെ ശ്രീമതി
സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ശ്രീമതിയുടെ പ്രതികരണം
കണ്ണൂര്‍ | ഇ എന്‍ സുരേഷ് ബാബുവിനെ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. സുരേഷ് ബാബുവിനെതിരെ പരാതികളില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പരാതിയുണ്ടെന്നു വ്യക്തമായി സൂചന നല്‍കുന്ന ശ്രീമതിയുടെ പ്രതികരണം.
‘ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം, പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവര്‍ എത്ര ഉന്നതരാരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സി പി എമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി എന്നു മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ’ എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ബാബുവിനെതിരായ പരാതി സി പി എം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെസി പി എം വനിതാ നേതാവ് സുജ സൂസന്‍ ജോര്‍ജും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- എന്നാണ് സുജ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇ എന്‍ സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള പരാതികളില്ലെന്നു വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പാര്‍ട്ടി നടപടിയെന്നത് ശുദ്ധ അസംബന്ധമാണെന്നും ചില വാര്‍ത്താ ശൃംഖലകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു.
Content Highlights:
CPM Central Committee member PK Sreemathi made a strong response regarding the removal of EN Suresh Babu as Palakkad district secretary. She stated the party always takes action against those who harass women. Her statement comes after state secretary MV Govindan claimed there were no complaints.




