Connect with us

Saudi Arabia

കടുത്ത വേനൽച്ചൂടിന് വിട;സഊദിയിൽ ശൈത്യകാലത്തിന് ഡിസംബർ ഒന്നിന് തുടക്കമാകും

വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം താപനില ക്രമേണ കുറഞ്ഞുതുടങ്ങും.

Published

|

Last Updated

ദമാം|സഊദി അറേബ്യയില്‍ ഔദ്യോഗിക ശൈത്യകാലത്തിന് ഡിസംബര്‍ ഒന്നിന് തുടക്കമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കുന്ന ശൈത്യകാലത്തിലേക്ക് പ്രവേശിക്കാന്‍ ഇനി എട്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം താപനില ക്രമേണ കുറഞ്ഞുതുടങ്ങും.

അറേബ്യന്‍ കാലാവസ്ഥാ രീതിയും ജ്യോതിശാസ്ത്ര കണക്കുകളും അനുസരിച്ച് വിവിധ ഘട്ടങ്ങളിലൂടെയാണ് ശൈത്യകാലം കടന്നുപോകുക. ഡിസംബര്‍ ഒന്നിന് കാലാവസ്ഥാ നിരീക്ഷണ പ്രകാരമുള്ള ശൈത്യം ആരംഭിക്കുന്നതോടെ തണുപ്പ് ശക്തമാകും. രാജ്യത്ത് ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന 40 ദിവസത്തെ ‘അല്‍-മുറബ്ബാനിയ’ ഘട്ടത്തിന് ഡിസംബര്‍ ഏഴിന് തുടക്കമാകും. തുടര്‍ന്ന് വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ഡിസംബര്‍ 21-ന് ജ്യോതിശാസ്ത്രപരമായ ശൈത്യകാലവും ആരംഭിക്കും. ജനുവരി 15ന് ‘അല്‍-ഷബാത്ത്’, ഫെബ്രുവരി 10ന് ‘അല്‍-അഖാരിബ്’ എന്നീ ഘട്ടങ്ങള്‍ പിന്നിട്ട് മാര്‍ച്ച് 20ഓടെ രാജ്യം വസന്തകാലത്തിലേക്ക് പ്രവേശിക്കും.

വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ രാജ്യത്ത് സുഖകരവും മിതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. 2027 ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് റമദാന്‍ വ്രതക്കാലം. ശൈത്യകാലത്തിന്റെ അവസാന ഘട്ടത്തിലും വസന്തകാലത്തിന്റെ തുടക്കത്തിലുമായി വരുന്നതിനാല്‍ കടുത്ത ചൂടോ അതിശൈത്യമോ ഇല്ലാത്ത ആശ്വാസകരമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക.

വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഉംറ തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ഏറെ ആശ്വാസമേകുന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മക്കയിലും ജിദ്ദയിലും പകല്‍ സമയങ്ങളില്‍ 26 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രികാലങ്ങളില്‍ 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തും. പ്രവാചക നഗരിയായ മദീനയില്‍ പകല്‍ 24 മുതല്‍ 28 ഡിഗ്രി വരെയും രാത്രിയില്‍ 12 മുതല്‍ 16 ഡിഗ്രി വരെയും ഹൃദ്യമായ തണുപ്പ് പ്രതീക്ഷിക്കാം. പകല്‍ സമയങ്ങളിലെ മിതമായ ചൂടും രാത്രിയിലെ കുളിര്‍മയാര്‍ന്ന അന്തരീക്ഷവും തീര്‍ത്ഥാടകര്‍ക്ക് ആത്മീയ കര്‍മ്മങ്ങളില്‍ മുഴുകാന്‍ ഏറെ അനുയോജ്യമായിരിക്കും

ഭൂപ്രകൃതി അനുസരിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തണുപ്പിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. തുറൈഫ്, ഖുറയ്യാത്ത്, ഹായില്‍, അല്‍-ജൗഫ്, തബൂക്ക് തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടുക. ഇവിടെ താപനില പൂജ്യം ഡിഗ്രിയിലും താഴെ (മൈനസ് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ; മുന്‍വര്‍ഷങ്ങളില്‍ ഹായിലില്‍ മൈനസ് 10 ഡിഗ്രി വരെയും തുറൈഫില്‍ മൈനസ് എട്ട് ഡിഗ്രി വരെയും രേഖപ്പെടുത്തിയിട്ടുണ്ട്) എത്താനും ജബല്‍ അല്‍-ലൗസ് പോലുള്ള മലനിരകളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

റിയാദ്, ഖസീം തുടങ്ങിയ മധ്യ മേഖലകളില്‍ താപനില ആറ് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഇവിടെ പകല്‍ സുഖകരമായ കാലാവസ്ഥയും രാത്രിയിലും പുലര്‍ച്ചെയും കഠിനമായ തണുപ്പും അനുഭവപ്പെടും. ദമാം, അല്‍-ഖോബാര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയില്‍ എട്ട് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് സാധാരണ ശൈത്യകാല താപനില. ഇവിടെ മിതമായ തണുപ്പിനൊപ്പം പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

അസീര്‍, അല്‍-ബാഹ, തായിഫ് എന്നീ തെക്കുപടിഞ്ഞാറന്‍ മലയോര മേഖലകളില്‍ താപനില പൂജ്യം മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും തണുപ്പിനൊപ്പം മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ താരതമ്യേന തണുപ്പ് കുറഞ്ഞ സുഖകരമായ കാലാവസ്ഥയും ഇടവിട്ടുള്ള മഴയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

ശൈത്യകാലത്തിന്റെ തുടക്കത്തോടനുബന്ധിച്ച് പുലര്‍ച്ചെ സമയങ്ങളില്‍ പ്രധാന പാതകളില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ കണക്കിലെടുത്ത് കുട്ടികളും വയോജനങ്ങളും ആരോഗ്യ സുരക്ഷയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, തത്സമയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Content Highlights: Saudi Arabia’s national weather center announced that the official winter season begins on December 1, followed by the 40-day Al-Murabbaniya cold phase on December 7. Mild and pleasant conditions are expected across Makkah, Madinah, and Jeddah, while northern areas may see sub-zero temperatures and snowfall. Authorities urged motorists to watch for morning fog and advised care for children and elderly amid temperature shifts.

---- facebook comment plugin here -----

Latest