Connect with us

Ongoing News

ശാരീരിക അസ്വസ്ഥത: മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് പക്ഷാഘാതം അനുഭവപ്പെട്ടിരുന്നു. സമാനമായ ലക്ഷണങ്ങളാണ് ഇന്നലെയും അനുഭവപ്പെട്ടത്

Published

|

Last Updated

ബെംഗളൂരു | ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ആശുപത്രിയിലായത്.

ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതത്തെയും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബെംഗളൂരുവിലെ വസതിയില്‍ ചികിത്സ തുടര്‍ന്ന് വരികയായിരിന്നു. അതിനിടയിലാണ് ഇന്നലെ രാവിലെ നേരത്തെ ഉണ്ടായിരുന്നതിന് സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായത്.

എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് മഅ്ദനിയെ വിധേയമാക്കി.
ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും മഅ്ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിൻ്റെ അളവ് വളരെ ഉയര്‍ന്ന് തന്നെ തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ സമയവും ശക്തമായ തണുപ്പ് ശരീരരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കണ്ണിൻ്റെ കാഴ്ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകള്‍ക്ക് സംഭവിച്ച ബലക്ഷയം കാരണം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകരമുള്ള ചികിത്സകള്‍ വേണ്ടവണ്ണം ഫലപ്രദമാകത്ത അവസ്ഥയുമുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചു.