Kerala
പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് അസം സ്വദേശി നൂറുല്‍ ഹുസൈന്‍
ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.
കൊച്ചി|എറണാകുളം പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ ഒരു സംഘം തല്ലിക്കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുല്‍ ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്‍, ഹബീസുദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെരുമ്പാവൂര്‍ മുടിക്കലിലെ എ എം വിനീര്‍ എന്ന സ്ഥാപനത്തില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് മൂന്ന് സഹോദരന്മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പ്ലൈവുഡ് കമ്പനിയിലെ കോര്‍ ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റു. പല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പ്രതികളെ കമ്പനിയില്‍ നിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട നൂറുല്‍ ഹുസൈന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



