Connect with us

Editorial

പാര്‍ട്ടി ഗ്രാമങ്ങള്‍ ജയിലുകളിലും

തടവുകാരുടെ രാഷ്ട്രീയ സ്വാധീനമാണ് ജയില്‍ ആയുധപ്പുരകളാകുന്നതിനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇടമാകുന്നതിനും പിന്നില്‍. കോടതി നിരീക്ഷിച്ചതു പോലെ തടവുശിക്ഷയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു തന്നെ കടകവിരുദ്ധമാണ് പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്ന ഇത്തരം ബ്ലോക്ക് തരംതിരിവുകള്‍.

Published

|

Last Updated

രാഷ്ട്രീയാടിസ്ഥാനത്തില്‍ വിവിധ ബ്ലോക്കുകളില്‍ പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ നടക്കുന്ന വിവേചനത്തിനും വിഭാഗീയതക്കുമെതിരെ രൂക്ഷമായ വിമര്‍ശമാണ് ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്. ജയില്‍ തടവിലായിരിക്കെ സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ബി ജെ പി പ്രവര്‍ത്തകരായ പ്രതികളുടെ അപ്പീലിലാണ് കോടതിയുടെ പരാമര്‍ശം.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന സി പി എം പ്രവര്‍ത്തകന്‍ നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍ 2004 ഏപ്രില്‍ ആറിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ജയില്‍ ബ്ലോക്കില്‍ ഫാന്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കം ചേരിതിരിഞ്ഞുള്ള വെല്ലുവിളിയിലും കൂട്ടത്തല്ലിലും കലാശിക്കുകയും ഇരുമ്പുപാര കൊണ്ടുള്ള അടിയേറ്റ് തല പിളര്‍ന്ന രവീന്ദ്രന്‍ മരിക്കുകയുമായിരുന്നു. ജയില്‍ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികള്‍ സൂക്ഷിച്ച ആയുധങ്ങളും വേലിയില്‍ നിന്ന് പിഴുതെടുത്ത ഇരുമ്പ് പട്ട, ഇരുമ്പ് വടി, മരവടി എന്നിവയും ഉപയോഗിച്ച് രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജയിലിനകത്തെ ആര്‍ എസ് എസ് വിംഗിന്റെ ആസൂത്രിത പദ്ധതിയായിരുന്നു ഈ കൊലപാതകമെന്നാണ് ആരോപിക്കപ്പെടുന്നത്.

രാഷ്ട്രീയാടിസ്ഥാനത്തില്‍ തടവുകാരെ വിവിധ ബ്ലോക്കുകളിലാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, പി ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഉദ്യോഗസ്ഥരെപ്പോലെ തടവുകാരെയും ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കരുതെന്നും പക്ഷഭേദമില്ലാതെ തടവുകാരുടെ അച്ചടക്കം ഉറപ്പാക്കണമെന്നും കേരള പ്രിസണ്‍സ് ആന്‍ഡ് കറക്്ഷനല്‍ സര്‍വീസസ് ആക്ടില്‍ പറയുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് തടവനുഭവിക്കുന്ന ആര്‍ എസ് എസ്-ബി ജെ പി തടവുകാരെ കണ്ണൂര്‍ ജയിലിലെ ആറ്, എട്ട് ബ്ലോക്കുകളിലും സി പി എം തടവുകാരെ വേറെ ബ്ലോക്കിലുമാണ് അക്കാലത്ത് താമസിപ്പിച്ചിരുന്നത്. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ആറ്, എട്ട് ബ്ലോക്കുകളില്‍ അന്ന് ആര്‍ എസ് എസ് ശാഖ നടത്തിപ്പ് വരെ നിര്‍ബാധം നടന്നിരുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഭരണം മാറുന്നതനുസരിച്ച് രാഷ്ട്രീയാടിസ്ഥാനത്തിലുള്ള ബ്ലോക്കുകള്‍ക്ക് മാറ്റം സംഭവിക്കും. 2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എട്ടാം ബ്ലോക്ക് സി പി എം തടവുകാരുടേതായി മാറി. സെന്‍ട്രല്‍ ജയില്‍ അനക്സിലെ സി, ഡി ബ്ലോക്കുകളായിരുന്നു ഇക്കാലത്ത് ആര്‍ എസ് എസ്, ബി ജെ പി തടവുകാരുടെ കേന്ദ്രം. ഈ പാര്‍ട്ടി ബ്ലോക്കുകളുടെ ചുവരുകളില്‍ അതാത് പാര്‍ട്ടി ചിഹ്നവും നേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങളും വരെ പ്രത്യക്ഷപ്പെട്ടിരുന്നു. തടവുകാര്‍ക്ക് മുകളില്‍ നിന്നുള്ള പിന്തുണയും രാഷ്ട്രീയ സ്വാധീനവുമുള്ളതിനാല്‍ ജയില്‍ അധികൃതര്‍ ഇത് തടയാനോ ചോദ്യം ചെയ്യാനോ ശ്രമിക്കാറില്ല. ഒന്നും കാണാത്ത ഭാവം നടിച്ച് അവര്‍ ഒഴിഞ്ഞു മാറും.

പലപ്പോഴും ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ രാഷ്ട്രീയ തടവുകാരുടെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു. ജയിലില്‍ ലഹരി വസ്തുക്കളും ആയുധങ്ങളും എത്തുന്നത് ഉദ്യോഗസ്ഥരില്‍ ചിലരുടെ അറിവോടെയും മൗന സമ്മതത്തോടെയുമാണ്. 2019 ജൂണില്‍ അന്നത്തെ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ അന്തേവാസികള്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കഞ്ചാവ് എന്നിവയും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. തടവുകാരുടെ രാഷ്ട്രീയ സ്വാധീനമാണ് ജയില്‍ ആയുധപ്പുരകളാകുന്നതിനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇടമാകുന്നതിനും പിന്നില്‍. കോടതി നിരീക്ഷിച്ചതു പോലെ തടവുശിക്ഷയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു തന്നെ കടകവിരുദ്ധമാണ് പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്ന ഇത്തരം ബ്ലോക്ക് തരംതിരിവുകള്‍.

ശിക്ഷായിടം എന്നതിലുപരി സുഖവാസ കേന്ദ്രമാണ് രാഷ്ട്രീയ തടവുകാര്‍ക്ക്, വിശിഷ്യാ അതത് കാലത്തെ ഭരണകക്ഷിയില്‍ നിന്നുള്ള തടവുപുള്ളികള്‍ക്ക് ജയില്‍ ജീവിതം. ടി പി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ തടവുകാര്‍ക്ക് ജയിലില്‍ സുഖചികിത്സ വരെ ലഭിക്കുന്ന വിവരം പുറത്തു വന്നതാണ്. ആയുര്‍വേദ ചികിത്സയുടെ മറവിലാണ് ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങി സുഖചികിത്സ. പെരിയ ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതിക്ക് 40 ദിവസം നീളുന്ന സുഖചികിത്സ നടത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ജയിലിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത ശേഷം കോടതിയുടെ അനുമതിയോടെയാണ് തടവുകാര്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ടത്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതിക്ക് സുഖചികിത്സ നല്‍കിയത് സി ബി ഐ കോടതിയെ അറിയിക്കാതെയായിരുന്നു.

ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണെന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. തടവുകാരെ നല്ല മനുഷ്യരാക്കണം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ ഉത്തമപൗരന്മാരായി മാറണം. എന്നാല്‍ ജയിലുകളില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ചെറിയ കുറ്റവാളികളെ കൊടും കുറ്റവാളികളാക്കാനേ ഇടയാക്കുകയുള്ളൂ. ജയല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണത്