Uae
റാസ് അൽ ഖൈമയിൽ ചില കടകളിൽ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കുന്നു
മുന്നറിയിപ്പ് നൽകി സാമ്പത്തിക വികസന വകുപ്പ്

റാസ് അൽ ഖൈമ|റാസ് അൽ ഖൈമയിലെ ചില കടകളിൽ ഷെൽഫുകളിൽ പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ തുക ബില്ലിൽ ഈടാക്കുന്നതായി ഉപഭോക്താക്കളുടെ പരാതി. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചതോടെ ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും നടപടിയെടുക്കുകയും ചെയ്തതായി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. “ഉദാഹരണത്തിന്, പത്ത് ദിർഹം എന്ന് രേഖപ്പെടുത്തിയ ഉത്പന്നത്തിന് 11.50 ദിർഹമാണ് ബില്ലിൽ വരുന്നത്. ഉപഭോക്താവിന്റെ പരാതി ലഭിച്ചാൽ ഞങ്ങൾ അന്വേഷണം നടത്തി കടയുമായി ബന്ധപ്പെടുകയും നിയമപ്രകാരം പിഴ ചുമത്തുകയും ചെയ്യും.’ കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ നസ്‌റ മുഹമ്മദ് അൽ മർറി പറഞ്ഞു.
ഉപഭോക്താക്കൾ ബില്ല് ശ്രദ്ധാപൂർവം പരിശോധിക്കാനും രസീതുകൾ സൂക്ഷിക്കാനും ഉത്പന്നങ്ങളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാനും അവർ ആവശ്യപ്പെട്ടു. ഈ വിഷയം മുൻനിർത്തി റാസ് അൽ ഖൈമയിൽ ഉപഭോക്തൃ അവബോധം വർധിപ്പിക്കുന്നതിനായി സാമ്പത്തിക വികസന വകുപ്പ് “ഹാപ്പി ഷോപ്പർ’ എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ഈ ക്യാമ്പയിനിൽ കറാമ മാർക്കറ്റ്, അൽ ഖലീജ് മാർക്കറ്റ് എന്നിവിടങ്ങളിൽ ബോധവത്ക്കരണം നടന്നു. ബില്ലിംഗ് കൗണ്ടറുകളിൽ ക്യാമ്പയിനിൽ പങ്കെടുത്ത വിദ്യാർഥികൾ ഉപഭോക്താക്കളെ നിരീക്ഷിക്കുകയും പണം അടക്കുന്നതിന് മുമ്പും ശേഷവും വില പരിശോധിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്തു. ശ്രദ്ധയോടെ ബില്ല് പരിശോധിച്ച ഉപഭോക്താക്കൾക്ക് കടകൾ ചെറിയ സമ്മാനങ്ങളും നൽകി.