governor& govt conflicut
മന്ത്രിമാരുടെ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്: വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍
രാജ്ഭവന്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് അവകാശമില്ല; എം എം മണിക്കും എ കെ ബാലനും വി ഡി സതീശനും പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

തിരുവനന്തപുരം | മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാറുമായി കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടി റിക്രൂട്ട്മെന്റ് നടത്തുകയാണെന്നും സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമിച്ച സ്റ്റാഫുകളെ രണ്ട് വര്‍ഷം കഴിയുമ്പോള്‍ മാറ്റുന്നു. 20ല്‍ അധികം പേരെ ഓരോ മന്ത്രിമാരും സ്റ്റാഫുകളായി വെക്കുന്നു. ഇന്ത്യയില്‍ വേറെ ഒരു സംസ്ഥാനത്തും ഈ രിതിയില്ല. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുന്നു. പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്നത്.
2019-20ല്‍ 34.79 കോടിയാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സര്‍ക്കാര്‍ ചെലവാക്കിയത്. പെന്‍ഷന്‍ ഇനത്തില്‍ 7.13 കോടിയും ഗ്രാറ്റിവിറ്റിയായി 1.79 ലക്ഷവും ചെലവാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്നെ വിമര്‍ശിച്ച സി പി എം നേതാവ് എ കെ ബാലനെതിരേയും ഗവര്‍ണര്‍ മറുപടി നല്‍കി. പേരിലെ ബാലന്‍ വളരാന്‍ തയ്യാറാകുന്നില്ലെന്നും ബാലന്‍ ബാലിശമായി സംസാരിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
തന്നെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധ നേടാനാണ് എം എം മണി ശ്രമിക്കുന്നത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടുപഠിക്കണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോടാണ്. രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വരേണ്ടതില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.