National
പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ് ഐ ആര്‍ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍ പങ്കെടുക്കും
കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പമായിരിക്കുംപരകാല പ്രഭാകര്‍ വേദി പങ്കിടുന്നത്
ന്യൂഡല്‍ഹി | ഒക്ടോബര്‍ 23ന് പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ് ഐ ആര്‍ സഖ്യം സംഘടിപ്പിക്കുന്ന എസ് ഐ ആര്‍ വിരുദ്ധ ദേശീയ പ്രതിഷേധത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ പങ്കെടുക്കും.
കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പമായിരിക്കും അദ്ദേഹം വേദി പങ്കിടുന്നത്. എസ് ഐ ആര്‍ പിന്‍വലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്, എ ഐ എസ് എഫ് പ്രസിഡന്റ് നേഹ ബോറ, എഴുത്തുകാരന്‍ തുഷാര്‍ ഗാന്ധി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
നോട്ട് നിരോധനം, തൊഴിലില്ലായ്മ, ജനാധിപത്യ സ്ഥാപനങ്ങളുടെ ദുര്‍ബലപ്പെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ദി ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിലൂടെ വിമര്‍ശിച്ച പരകാല പ്രഭാകര്‍ ബി ജെ പിയുടെ സാമ്പത്തിക നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന ഒരാളാണ്. നിര്‍മല സീതാരാമന്‍ എന്‍ ഡി എ മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴും പ്രഭാകര്‍ ഭരണകക്ഷിയുടെ നയങ്ങളെ വിമര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 23ലെ പ്രതിഷേധത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം എസ് ഐ ആര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കൂടുതല്‍ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തല്‍.



