International
പഹല്‍ഗാം ഭീകരാക്രമണം: പാക് വാദങ്ങൾ തള്ളി യു എന്‍ സുരക്ഷാ കൗണ്‍സിൽ
ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്ന പരിഹാരം കാണണമെന്ന് നിർദേശം

ന്യൂയോർക്ക്| പഹല്‍ഗാം ഭീകരാക്രമണം യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനിന് കനത്ത തിരിച്ചടി. അതിര്‍ത്തിയില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാക് വാദം ഭൂരിപക്ഷം അംഗങ്ങളും തള്ളി. പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോ എന്ന സംശയമുയര്‍ത്തിയ കൗണ്‍സില്‍ ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്ന പരിഹാരം കാണണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.
ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനായിരുന്നു പാകിസ്താന്‍ പ്രതിനിധി അസിം ഇഫ്തിക്കര്‍ അഹമ്മദിന്റെ ശ്രമം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ചിട്ടും ഇന്ത്യ രാഷ്ട്രീയതാത്പര്യം കാട്ടുകയാണെന്ന് പാകിസ്താന്‍ ആരോപിച്ചു.
പാകിസ്താന്‍ ഉന്നയിച്ച വാദം തെറ്റാണെന്നെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങള്‍ പഹൽഗാം സംഭവത്തിൽ പാകിസ്താൻ കൈകഴുകുകയാണെന്ന് വിമര്‍ശിച്ചു. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ നടത്തിയ മിസൈല്‍ പരീക്ഷണം ആശങ്ക സൃഷ്ടിച്ചെന്നും അംഗങ്ങള്‍ വിലയിരുത്തി.