National
പഹല്‍ഗാം ആക്രമണം: രാജ്യം നീതിക്കായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം രാജ്യം നീതിക്കായി കാത്തിരിക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് രാഹുല്‍ ഗാന്ധി ഹരിയാനിലെ കര്‍ണാലിലുള്ള നര്‍വാളിന്റെ വീട്ടിലെത്തിയത്. 2.15ഓടെ മടങ്ങി.
ലെഫ്. നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി, പിതാവ് രാജേഷ് കുമാര്‍, മാതാവ് ആശാ ദേവി, സഹോദരി സൃഷ്ടി, മുത്തച്ഛന്‍ ഹാവാ സിങ് എന്നിവരുമായി രാഹുല്‍ സംസാരിച്ചു. രോഹ്താക് കോണ്‍ഗ്രസ്സ് എം പി. ദീപേന്ദര്‍ ഹൂഡ, സംസ്ഥാന അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവര്‍ രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ നര്‍വാളിന്റെ വീട്ടില്‍ സന്നിഹിതരായിരുന്നു. വീടിനു പുറത്ത് നിരവധി മാധ്യമങ്ങളുടെ റിപോര്‍ട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല.
പഹല്‍ഗാം ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് പ്രധാന മന്ത്രിക്ക് മൂന്ന് ദിവസം മുമ്പ് ലഭിച്ചിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. കശ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചത് ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്നും ഖാര്‍ഗെ പ്രതികരിച്ചു.