Connect with us

Travelogue

പടാങ്ങിലെ ചോറും കറിയും

കേരള മോഡൽ ഫുഡാണ് പടാങ്ങ്. ഇന്തോനേഷ്യയിൽ ഇന്ത്യക്കാർ ഇഷ്ടപ്പെട്ട് കഴിക്കുന്ന വിഭവം. ഇന്തോനേഷ്യക്ക് പുറമേ മലേഷ്യ, സിംഗപ്പൂർ, ബ്രൂണെ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പടാങ്ങിന് പ്രചാരമുണ്ട്. സുമാത്ര ദ്വീപിലെ ഒരു നാടിന്റെ പേരാണിത്. കടൽവഴി കേരളത്തോട് ചേർന്നുനിൽക്കുന്ന സ്ഥലമാണല്ലോ സുമാത്ര. അതിനാലാകണം വിചിത്രമായ രുചിക്കൂട്ടുകളുള്ള ഈ നാട്ടിൽ ഇങ്ങനെയൊരു ഇനം വന്നത്.

Published

|

Last Updated

സുനൻ ആംപെൽ മസ്ജിദിനോട് ചേർന്നൊരു സ്വൂഫിയുടെയും സുൽത്താന്റെയും ഖബറിടമുണ്ട്. പൗരപ്രധാനികൾക്കായി സംവിധാനിച്ച ഇടം. അധിപതി എന്നാണ് പ്രധാനികൾക്ക് ഇന്തോനേഷ്യനിൽ പറയുക. സംസ്കൃതത്തിൽ നിന്ന് രൂപം കൊണ്ടതാണ്. യഥാക്രമം സുനൻ ബോതോപുതിഹ്, മൗലാനാ മുഹമ്മദ് സ്വഫിയ്യുദ്ദീൻ എന്നാണ് ഇരുവരുടെയും പേരുകൾ.
പതിനേഴാം നൂറ്റാണ്ടിൽ സുരബായയിൽ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിൽ ബോതോപുതിഹ് വഹിച്ച പങ്ക് വലുതാണ്. ബാന്റൻ സുൽത്താനായിരുന്നു സ്വഫിയ്യുദ്ദീൻ. ഒമ്പത് വിശുദ്ധരിൽ പെട്ട സുനൻ ഗുനുങ്ജാതിയുടെ ആശിർവാദത്തോടെ നിലവിൽ വന്ന ഭരണകൂടമാണ് ബാന്റൻ. പോർച്ചുഗീസ് – പ്രാദേശിക ഹിന്ദു രാജ സഖ്യസൈന്യത്തെ പരാജയപ്പെടുത്തിയായിരുന്നു സുൽത്താനേറ്റിന്റെ പിറവി.

സൈൻ ബാഅബൂദ് തങ്ങളുടെ വകയാണ് ഇന്നത്തെ പ്രാതൽ. സുരബായയിലെ മികച്ച റസ്റ്റോറന്റിലാകട്ടെ അതെന്ന തീരുമാനത്തിലാണ് അദ്ദേഹം. പടാങ്ങ് ഭക്ഷണം ലഭിക്കുന്ന ഹോട്ടലിലേക്കാണ് പോകുന്നത്. കേരള മോഡൽ ഫുഡാണ് പടാങ്ങ്. ഇന്തോനേഷ്യയിൽ ഇന്ത്യക്കാർ ഇഷ്ടപ്പെട്ട് കഴിക്കുന്ന വിഭവം. ഇന്തോനേഷ്യക്ക് പുറമേ മലേഷ്യ, സിംഗപ്പൂർ, ബ്രൂണെ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പടാങ്ങിന് പ്രചാരമുണ്ട്. സുമാത്ര ദ്വീപിലെ ഒരു നാടിന്റെ പേരാണിത്. കടൽവഴി കേരളത്തോട് ചേർന്നുനിൽക്കുന്ന സ്ഥലമാണല്ലോ സുമാത്ര. അതിനാലാകണം വിചിത്രമായ രുചിക്കൂട്ടുകളുള്ള ഈ നാട്ടിൽ ഇങ്ങനെയൊരു ഇനം വന്നത്.
പടാങ്ങുമായി നമുക്ക് മറ്റൊരു ബന്ധമുണ്ട്. പ്രത്യേകിച്ചും പണ്ഡിതന്മാർക്ക്, കേട്ട് പരിചയമുള്ള പേര്. ശൈഖ് മുഹമ്മദ് യാസീൻ ഫാദാനി. ഹദീസ് നിവേദന രംഗത്ത് ശൈഖുനാ എ പി ഉസ്താദ് ഉൾപ്പെടെയുള്ളവരുടെ പരമ്പരയിലെ പ്രധാന കണ്ണിയാണ് ശൈഖ് ഫാദാനി. പടാങ്ങിന്റെ അറബ് വിവർത്തനമാണ് ഫാദാൻ. ദീർഘകാലം മക്കയിൽ ദർസ് നടത്തിയ ശൈഖ് ഫാദാനി കേരളം സന്ദർശിച്ചിട്ടുണ്ട്.

റസ്റ്റോറന്റിലെത്തി. പടാങ് ഓർഡർ ചെയ്തു. ലൈവ് ഇനമല്ല. നേരത്തേ പാകം ചെയ്ത് പേക്ക് ചെയ്തു കൊണ്ടുവരുന്നതാണ് പടാങ്ങിന്റെ സ്വഭാവം. അവയിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ എടുക്കാം. കഴിച്ചതിന് മാത്രം ബില്ല് നൽകിയാൽ മതി. അധികം കാത്തിരിക്കേണ്ടി വന്നില്ല. വലിയൊരു തട്ടിൽ നിറയെ ഭക്ഷണ വിഭവങ്ങളുമായി വിതരണക്കാർ വന്നു. അവയെല്ലാം ടേബിളിൽ നിരത്തി. ഓരോ പാത്രങ്ങളും പ്രത്യേകം കവർ ചെയ്തിട്ടുണ്ട്. ചോറാണ് മുഖ്യ ഭക്ഷണം. കൂടെ പലവിധം കറികൾ, ഉപ്പേരികൾ. മാംസ മത്സ്യാദികള്‍. തേങ്ങയരച്ച്, അൽപ്പം എരിവ് ചേർത്ത കറിയാണ്. ഏറെക്കുറെ നമുക്ക് ചേർന്ന ഭക്ഷണപദാർഥങ്ങൾ. ബാഅബൂദ് തങ്ങളുടെ സ്നേഹമസൃണമായ ആഥിത്യം പടാങ്ങിന് കൂടുതൽ രുചിയേകി.

മുമ്പ് കേരളം സന്ദർശിച്ച ഓർമയിൽ അദ്ദേഹം പല ഇനങ്ങളുടെയും പേര് പറഞ്ഞ് ഞങ്ങളോട് കഴിക്കാൻ പറയുന്നുണ്ട്.ഇനി പോകാനുള്ളത് ബാഫഖി തങ്ങന്മാരുടെ സ്മരണകളുള്ള പ്രദേശത്തേക്കാണ്. ആംപെൽ മസ്ജിദിൽ നിന്ന് അധിക ദൂരം ഇല്ല അവിടേക്ക്. വലിയ ഹൗല് നടക്കാറുള്ള ദർഗയാണ്. ആണ്ടുനേർച്ചക്ക് പ്രാദേശികമായി പറയുന്ന പേരാണ്. ഹൗല് എന്നാൽ വർഷം എന്നർഥം. നമ്മുടെ നാട്ടിലെ ആണ്ട് അതിൽനിന്ന് രൂപപ്പെട്ടതാകാം. രണ്ടിനും ഒരേ അർഥവും ഉദ്ദേശ്യവുമാണല്ലോ. ഇതര സംസ്കാരങ്ങളിൽ നിന്ന് കടന്നുവന്നതല്ല, ദേശാന്തര ഇടപഴകലുകളിലൂടെ കൈമാറി കിട്ടിയതാണ് ആണ്ടുനേർച്ചയെന്ന് ചുരുക്കം. അതിനു പ്രാമാണിക പിന്തുണയുണ്ട്. വലിയ നേർച്ചകൾ ഹൗലുൻ അക്ബർ എന്ന പേരിലാണ് അറിയപ്പെടാറ്. മില്യൺ കണക്കിനാളുകൾ സംബന്ധിക്കുന്നത് എന്നാണ് അതേക്കുറിച്ച് പറയാറുള്ളത്. പത്ത് ലക്ഷത്തിലധികം വിശ്വാസികൾ വരെ പങ്കെടുക്കുന്ന ആണ്ടുനേർച്ചകൾ ഇന്തോനേഷ്യയിൽ നടക്കാറുണ്ടെന്ന് അതിൽ നിന്ന് മനസ്സിലാക്കാം.ഹബീബ് ശൈഖ് ബ്ൻ അഹ്മദ് ബ്ൻ അബ്ദുല്ലാഹ് ബാഫഖി തങ്ങളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.

ഹി. 1212ൽ ഹളർമൗത്തിലായിരുന്നു ജനനം. സഹോദരൻ മുഹമ്മദ് ബാഫഖിക്കൊപ്പമായിരുന്നു സുരബായയിലേക്ക് വന്നത്. അതിനുമുമ്പ് രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനായിട്ടുണ്ട്. സുരബായയിലെ ബോതോപുതിഹ് ആയിരുന്നു ആസ്ഥാനം. അതിനാൽ ശൈഖ് ബോതോപുതിഹ് എന്ന അപരനാമത്തിലും അറിയപ്പെടുന്നുണ്ട്. സ്വൂഫി കാവ്യങ്ങളെ അതിയായി ഇഷ്ടപ്പെട്ടവരായിരുന്നു. ശബ്ദ സൗന്ദര്യത്തിന് ഉടമയായിരുന്നു മുഹമ്മദ് ബാഫഖി. കവിതകളോടുള്ള ഇഷ്ടം ഇരുവരെയും ജനകീയരാക്കി. നിരവധി പേരാണ് ബാഫഖി സഹോദരങ്ങൾ മുഖേന ഇസ്‌ലാമിലേക്ക് ആകൃഷ്ടരായത്. ധാരാളം അത്ഭുത സിദ്ധികളും പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ കറാമത്തുകൾ. ശൈഖ് ബാഫഖിയുടെ ജനസ്വാധീനത്തിൽ പരിഭ്രാന്തരായ ഡച്ചുകാർ അദ്ദേഹം സംഘടിപ്പിച്ചിരുന്ന ആത്മീയ മജ്്ലിസുകൾ മുടക്കാൻ പതിനെട്ടടവും പയറ്റി. പക്ഷേ, വിജയിച്ചില്ല. ഹി. 1289/1789ലായിരുന്നു വിയോഗം. പ്രത്യേകമായൊരു അനുഭൂതിയാണ് ഹബീബ് ബാഫഖി തങ്ങളുടെ മഖാം സമ്മാനിച്ചത്. മലബാറിലേതിന് സമാനമായ അന്തരീക്ഷം. പല മഖാമുകളും മനസ്സിൽ മിന്നിമറഞ്ഞു. പരിപാലകരുടെ ഹൃദ്യമായ സ്വീകരണം സന്തോഷം ഇരട്ടിപ്പിച്ചു. സന്ദർശനം കഴിഞ്ഞപ്പോഴേക്കും അവർ ഞങ്ങൾക്കൊരു സത്്കാരവും ഒരുക്കിയിരുന്നു.

---- facebook comment plugin here -----

Latest