Connect with us

Kerala

ടിപ്പര്‍ ലോറികളുടെ ഉടമ ബാറ്ററി മോഷണ കേസില്‍ പോലീസിന്റെ പിടിയിലായി

വീയപുരം ഇരതോട് റോഡില്‍ നിര്‍ത്തിയിട്ട 4 ടിപ്പര്‍ ലോറികളുടെ ബാറ്ററികള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

Published

|

Last Updated

പത്തനംതിട്ട  \ ടിപ്പര്‍ ലോറികളുടെ ഉടമയായ യുവാവ് ബാറ്ററി മോഷണ കേസില്‍ പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളി കുന്നന്താനം ഗോപുരത്തില്‍ വീട്ടില്‍ ജി എസ് സേതു(29)വാണ് വീയപുരം പോലീസിന്റെ പിടിയിലായത്. ജൂണ്‍ 21 രാത്രി വീയപുരം ഇരതോട് റോഡില്‍ നിര്‍ത്തിയിട്ട 4 ടിപ്പര്‍ ലോറികളുടെ ബാറ്ററികള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കവിയൂര്‍ കോട്ടൂര്‍ തൈക്കാട്ടില്‍ വിശാല്‍ റാവത്തിനെയും കൂട്ടാളികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും ഇതേ കേസില്‍ പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ ചെത്തിപ്പുഴ, കവിയൂര്‍ സ്വദേശികളാണ്.

സംഘത്തില്‍പ്പെട്ട വിശാലിനെ വീയപുരം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സേതുവിന്റെ പങ്ക് വ്യക്തമായത്, തുടര്‍ന്നാണ് അറസ്റ്റ്. പാലക്കാട് പട്ടാമ്പി സ്വദേശി കുഞ്ഞുമൊയ്തുവിന്റെ കവിയൂരിലെ ആക്രിക്കടയിലാണ് ബാറ്ററികള്‍ സാധാരണ വില്‍ക്കാറുള്ളത്. 20,000 രൂപ വിലയുള്ള ബാറ്ററികള്‍ക്ക് 1000 രൂപ വരെയാണ് മോഷ്ടാക്കള്‍ക്ക് കടയുടമ നല്‍കുക, ബാക്കി തുക സേതു കൈപ്പറ്റാറാണ് പതിവ്.

ഏറ്റുമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണകേസില്‍ കുഞ്ഞുമൊയ്തീനും പിടിയിലായിരുന്നു. സേതു കീഴ്വായ്പ്പൂര്‍ പോലീസ് സ്റ്റേഷനില്‍ 2015 മുതല്‍ റൗഡി ലിസ്റ്റിലുള്ളയാളാണ്. നരഹത്യാശ്രമത്തിന് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പര്‍ ലോറികള്‍ അനധികൃത പച്ചമണ്ണ് കടത്തിയതിനു കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 3ന് കീഴ്വായ്പ്പൂര്‍ എസ് ഐ കെ സുരേന്ദ്രന്‍ കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് ലോറികള്‍ തുടര്‍നടപടികള്‍ക്കായി പോലീസ് ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. ഏഴാം തിയതി പോലീസ് സ്റ്റേഷനിലെത്തി സേതു, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ആത്മഹത്യശ്രമം നടത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പോലീസ് പിടിച്ച ഇയാളുടെ ലോറിയിലൊന്നിന്റെ ഗ്രില്ലില്‍ കെട്ടിത്തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. ഇതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

വീയപുരം, എടത്വ, ഹരിപ്പാട്, അമ്പലപ്പുഴ, കരുവാറ്റ ഭാഗങ്ങളില്‍ അടുത്തിടെ അറുപതോളം വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഈ സംഘമായിരുന്നു മോഷണത്തിന് പിന്നില്‍. സേതുവിന്റെ കാറിലാണ് സംഘത്തിന്റെ യാത്ര. മോഷണങ്ങളില്‍ സേതു നേരിട്ട് പങ്കെടുക്കാറില്ല. വിശാലും കൂട്ടാളികളും ഈ കാറിലെത്തി മോഷണം നടത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. സേതു കാര്‍ വാടകയ്ക്ക് കൊടുക്കാറുണ്ട് എന്നാണ് ആദ്യം വിശാല്‍ പോലീസിനോട് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സേതുവിന്റെ പങ്കാളിത്തം വെളിവാക്കിയത്. കീഴ്വായ്പ്പൂര്‍, തിരുവല്ല, കറുകച്ചാല്‍ പോലീസ് സ്റ്റേഷനുകളില്‍ സേതുവിനെതിരെ കേസുകളുണ്ട്. ദേശീയപാത നിര്‍മാണ കരാറുകാരുടെ ഒട്ടേറെ വലിയ വാഹനങ്ങളുടെ ബാറ്ററികളാണ് കൂടുതലും പ്രതികള്‍ മോഷ്ടിച്ചത്. ലോറികള്‍ക്കരികില്‍ കാര്‍ നിര്‍ത്തി അതിവേഗം സംഘം ബാറ്ററികള്‍ മോഷ്ടിക്കും. നിമിഷനേരത്തിനുള്ളില്‍ കൃത്യം നടത്തിയശേഷം സ്ഥലംവിടുകയും ചെയ്യും. ആക്രിക്കട ഉടമ കുഞ്ഞുമൊയ്തുവും സേതുവും അടുത്തസുഹൃത്തുക്കളാണ്

 

Latest