Connect with us

Kerala

സർവകലാശാല ബില്ലിൽ ഭേദഗതിയുമായി പ്രതിപക്ഷം; ഒറ്റ ചാൻസലർ മതിയെന്ന് നിർദേശം

ചാന്‍സലര്‍ നിയമനത്തിന് വേണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും നിർദേശം

Published

|

Last Updated

തിരുവനന്തപുരം | സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഭേദഗതിയുമായി പ്രതിപക്ഷം. സംസ്ഥാനത്തെ 14 സര്‍വകലാശാലകള്‍ക്കും ഒറ്റ ചാൻസലർ എന്ന നിർദേശമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നോട്ടുവെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലറാകണമെന്നും അദ്ദേഹം നിർദേശിച്ചു.

ചാന്‍സലര്‍ നിയമനത്തിന് വേണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിക്കണം. ഈ സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദേശത്തിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഈ ഭേദഗതി അംഗീകരിക്കില്ലെന്നാണ് സൂചന. സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് വിദ്യാഭ്യാസരംഗത്തെ വിദഗ്ദരുടെ തീരുമാനപ്രകാരം സംസ്ഥാന സര്‍ക്കാരിന് നിയമിക്കാമെന്നതാണ് വ്യവസ്ഥ.

നേരത്തെ, ചാന്‍സലർക്ക് പകരം പ്രോ ചാന്‍സലറെ നിയമിക്കണമെന്ന വ്യവസ്ഥ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ അതിന് മാറ്റം വരുത്തിയിരുന്നു.

Latest