Editorial
തുറന്ന ജയിലുകള്‍ വ്യാപകമാക്കണം
രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും വിചാരണാ തടവുകാരുടെ വര്‍ധന മൂലം ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കേണ്ടി വരികയും ഇത് സംഘര്‍ഷത്തിനും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ തുറന്ന ജയിലുകളാണ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും തുറന്ന ജയിലുകള്‍ സ്ഥാപിക്കാനും ഈ സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമാക്കാനും നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി. തടവുകാരുടെ ക്രമാതീതമായ വര്‍ധന മൂലം രാജ്യത്തെ ജയിലുകളില്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക, തടവുകാരില്‍ മാനസിക പരിവര്‍ത്തനം സൃഷ്ടിക്കുക, ജയിലുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യത്തിലാണ് തുറന്ന ജയിലുകള്‍ വിപുലമാക്കാന്‍ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബഞ്ചിന്റെ നിര്‍ദേശം.
ഉയര്‍ന്ന മതിലുകളും കടുത്ത നിരീക്ഷണ സംവിധാനങ്ങളുമില്ലാതെ, തടവുകാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നവയാണ് തുറന്ന ജയിലുകള്‍. അവരെ മുറികളില്‍ അടച്ചിടാതെ സമൂഹത്തിന്റെ ഭാഗമാക്കി നല്ല പൗരന്മാരായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തില്‍ 19ാം നൂറ്റാണ്ടിലാണ് തുറന്ന ജയില്‍ ആശയം ലോകത്ത് ഉരുത്തിരിഞ്ഞു വന്നത്. 1933ല്‍ ഇംഗ്ലണ്ടിലാണ് ആദ്യത്തെ തുറന്ന ജയില്‍ സ്ഥാപിതമായത്. ഇന്ത്യയില്‍ 1952ല്‍ ഉത്തര്‍പ്രദേശിലെ വാരാണസിക്ക് സമീപമുള്ള ചാകിയ എന്ന പ്രദേശത്താണ് ഈ സംവിധാനം ആദ്യം പരീക്ഷിക്കപ്പെട്ടത്. ചന്ദ്രപ്രഭ അണക്കെട്ട് നിര്‍മാണത്തിന് തടവുകാരെ ഉപയോഗപ്പെടുത്താനായി അന്നത്തെ യു പി മുഖ്യമന്ത്രി സമ്പൂര്‍ണാനന്ദ് ആയിരുന്നു ഇത് സ്ഥാപിച്ചത്. പിന്നീട് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തിയത് രാജസ്ഥാനാണ്. നാല്‍പ്പതോളം തുറന്ന ജയിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് രാജസ്ഥാനില്‍.
സാമ്പത്തികമായി സര്‍ക്കാറിന് നേട്ടവുമാണ് തുറന്ന ജയിലുകള്‍. അടഞ്ഞ ജയിലുകളില്‍ സുരക്ഷാ സംവിധാനത്തിനും തടവുകാരുടെ പരിപാലനത്തിനും നല്ലൊരു തുക ചെലവിടേണ്ടി വരുമ്പോള്‍ തുറന്ന ജയിലുകളില്‍ ചെലവ് വളരെ കുറവാണ്. ഇക്കാര്യം സുപ്രീം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടുകയുണ്ടായി. രാജസ്ഥാനില്‍ സാധാരണ ജയിലില്‍ ഒരു തടവുകാരന് സര്‍ക്കാര്‍ പ്രതിമാസം 3,000 രൂപ വീതം ചെലവിടേണ്ടി വരുമ്പോള്‍, തുറന്ന ജയിലില്‍ അമ്പത് രൂപ മാത്രമാണ് ചെലവ്. തുറന്ന ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍ കുറ്റകൃത്യങ്ങളുടെ ആവര്‍ത്തനം കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എല്ലാ തടവുകാര്‍ക്കും ലഭ്യമല്ല തുറന്ന ജയില്‍. സാധാരണ ജയിലില്‍ ദീര്‍ഘകാല തടവിനു ശിക്ഷിക്കപ്പെട്ടവരെ നിരീക്ഷിച്ച് അപകടകാരിയല്ലെന്ന് ബോധ്യപ്പെട്ടവരെ മാത്രമേ തുറന്ന ജയിലില്‍ പാര്‍പ്പിക്കുകയുള്ളൂ. ജയിലില്‍ അച്ചടക്കം പാലിക്കുകയും ജീവനക്കാരോടും സഹതടവുകാരോടും മാന്യമായി പെറുമാറുകയും ചെയ്തവരെയാണ് പരിഗണിക്കുന്നത്. കുറ്റം ചെയ്തതില്‍ പശ്ചാത്തപിക്കുന്നവരും പൊതുസമൂഹത്തോടൊപ്പം ജീവിക്കാന്‍ താത്പര്യമുള്ളവരും ജോലികള്‍ ചെയ്യാനുള്ള ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. അപകടകാരികളായ കുറ്റവാളികള്‍, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യതയുള്ളവര്‍, മയക്കുമരുന്ന് കേസ് പ്രതികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരമായ അതിക്രമം നടത്തിയവര്‍ തുടങ്ങിയവരെ തുറന്ന ജയിലിലേക്ക് മാറ്റാറില്ല.
തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം താമസ സൗകര്യം നല്‍കുന്ന, ഫാമിലി ക്വാട്ടേഴ്സ് സംവിധാനമുള്ള ജയിലുകളുമുണ്ട് രാജ്യത്ത്. രാജസ്ഥാനിലെ സാംഗനേര്‍, മധ്യപ്രദേശിലെ ലക്ഷ്മിപുര്‍, മഹാരാഷ്ട്രയിലെ യെര്‍വാഡ ഓപണ്‍ ജയിലുകളിലെല്ലാം ഫാമിലി ക്വാട്ടേഴ്സ് സംവിധാനമുണ്ട്. ഇവിടെ തടവുകാര്‍ക്ക് പുറത്ത് ജോലി ചെയ്യുകയും കുട്ടികളെ സ്‌കൂളില്‍ അയച്ച് സാധാരണ ജീവിതം നയിക്കുകയും ചെയ്യാം. ഈ സ്വാതന്ത്ര്യം സ്വയം നിയന്ത്രണവും ഉത്തരവാദിത്വ ബോധവും വളര്‍ത്തുകയും ചെയ്യുന്നു. കേരളത്തില്‍ തിരുവനന്തപുരം നെട്ടുകാല്‍തേരിയിലും തൃശൂര്‍ വിയ്യൂരിലും കാസര്‍കോട് ചീമേനിയിലും തുറന്ന ജയിലുകളുണ്ടെങ്കിലും തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സ്ഥിരമായി താമസിക്കാനുള്ള ഫാമിലി ക്വാട്ടേഴ്സ് സംവിധാനം നിലവിലില്ല.
രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും വിചാരണാ തടവുകാരുടെ വര്‍ധന മൂലം ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കേണ്ടി വരികയും ഇത് സംഘര്‍ഷത്തിനും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ തുറന്ന ജയിലുകളാണ് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്. 2018ല്‍ സുപ്രീം കോടതി നിയമിച്ച, മുന്‍ സുപ്രീം കോടതി ജഡ്ജി അമിതാവ റോയ് അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ തുറന്ന ജയിലുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ എന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷ കൂടിയാണല്ലോ ജയിലുകളുടെ ലക്ഷ്യം. കൂറ്റന്‍ മതിലുകള്‍ ഉയര്‍ത്തിയതു കൊണ്ടായില്ല, തടവുപുള്ളികളുടെ മനസ്സുകളിലെ കുറ്റവാസന തുടച്ചു നീക്കുക കൂടി ചെയ്തെങ്കിലേ സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനാകുകയുള്ളൂ. തുറന്ന ജയിലുകളുടെ അന്തരീക്ഷം ഇതിന് സഹായകമാണ്. പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി തടവുകാരില്‍ തങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുന്നവരാണെന്ന ബോധ്യം വളര്‍ത്തുന്നു. കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ സമൂഹത്തിലെ മര്യാദകളോടും നിയമങ്ങളോടും ബഹുമാനം വര്‍ധിക്കും. അടച്ചിട്ട ജയിലുകളിലെ ഒറ്റപ്പെടല്‍ ഇല്ലാത്തതിനാല്‍ മാനസികാരോഗ്യം വളരാനും സഹായിക്കുന്നു തുറന്ന ജയിലുകള്‍.
ഈ പറഞ്ഞ നേട്ടങ്ങളത്രയും ജയില്‍ ജീവനക്കാരുടെ പെരുമാറ്റത്തെ കൂടി ആശ്രയിച്ചാണ് സാധ്യമാകുന്നത്. തടവുകാരെ കുറ്റവാളിയായി മാത്രം കാണാതെ സുഹൃത്തിനെ പോലെ കാണാനും മനുഷ്യത്വപരമായി പെരുമാറാനും ജീവനക്കാര്‍ക്ക് സാധിക്കണം. തുറന്ന ജയിലുകളിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക മനഃശാസ്ത്ര പരിശീലനം നല്‍കേണ്ടതാവശ്യമാണ്. പല ജീവനക്കാരും കാണിക്കുന്ന അടിച്ചമര്‍ത്തല്‍ രീതിയും മൂന്നാംമുറ പ്രയോഗവും ഗുണത്തേക്കാളേറെ ദോഷമേ സൃഷ്ടിക്കുകയുള്ളൂ. ജീവനക്കാരുടെ സ്നേഹവും വിശ്വാസവുമായിരിക്കണം തടവുകാരെ അവിടെ പിടിച്ചുനിര്‍ത്തുന്നത്, മതില്‍കെട്ടുകളായിരിക്കരുത്.




