Connect with us

epfo

വിജ്ഞാപനം അപകടം

ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചത് തൊഴിലാളികൾക്ക് ഗുണകരമാകുമെങ്കിലും വിജ്ഞാപനം നിലനിൽക്കുന്നത് വിധിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഭാവിയിൽ തടസ്സം നേരിടാനിടയാക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നീതിപീഠം ഈ അപകടത്തെക്കൂടി അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

Published

|

Last Updated

പി എഫ് പെൻഷനുമായി ബന്ധപ്പെട്ട പരമോന്നത കോടതിയുടെ നിർണായക വിധി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിനേറ്റ തിരിച്ചടിയെന്ന് നിയമ വിദഗ്ധർ. രാജ്യത്തെ കോടിക്കണക്കിന് സംഘടിത തൊഴിലാളികൾക്ക് ആശ്വസിക്കാൻ വക നൽകുന്നതാണ് പി എഫ് പെൻഷൻ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയെങ്കിലും വിധിക്കാധാരമായ ഭേദഗതി വിജ്ഞാപനം അതുപോലെ നിലനിൽക്കുന്നുവെന്ന യാഥാർഥ്യം വിസ്മരിക്കാനാകില്ല. ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചത് തൊഴിലാളികൾക്ക് ഗുണകരമാകുമെങ്കിലും വിജ്ഞാപനം നിലനിൽക്കുന്നത് വിധിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഭാവിയിൽ തടസ്സം നേരിടാനിടയാക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നീതിപീഠം ഈ അപകടത്തെക്കൂടി അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള വർഷത്തെ ശമ്പളം കണക്കാക്കി അതിന് ആനുപാതികമായ പെൻഷൻ നിശ്ചയിക്കണമെന്ന ഹൈക്കോടതികളുടെ ഉത്തരവിന് പകരം 2014ലെ കേന്ദ്ര നിർദേശങ്ങൾ തന്നെയാണ് സുപ്രീം കോടതിയും മുഖവിലക്കെടുത്തിരിക്കുന്നത്. അതുപ്രകാരം 15,000 രൂപയെന്ന ശമ്പള പരിധി ഒഴിവാക്കുമ്പോഴും അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും പെൻഷൻ തുക നിശ്ചയിക്കുക. ഹൈക്കോടതി ഉത്തരവ് പ്രകാരം ലഭിക്കേണ്ട പെൻഷൻ തുകയേക്കാൾ കുറഞ്ഞ സംഖ്യയാകും ഇതുവഴി സ്വാഭാവികമായും ഗുണഭോക്താവിന് ലഭിക്കുക. ഇത്തരത്തിൽ നിരവധി സങ്കീർണതകളുണ്ടെങ്കിലും ആത്യന്തികമായി രാജ്യത്തെ തൊഴിലാളികളെ സംബന്ധിച്ച് വിധി ഏറെ ഗുണകരമാണ്. അതിന് പുറമേ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ കേന്ദ്ര സർക്കാർ നിരത്തുന്ന ബാലിശമായ ന്യായവാദങ്ങളെയെല്ലാം തള്ളി, പി എഫ് പെൻഷൻ എന്നത് അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശമായി തന്നെ നീതിപീഠം ഉയർത്തിപ്പിടിക്കുകയും ചെയ്തിരിക്കുന്നു. ഇത് ആനുകൂല്യമല്ല അവകാശം തന്നെയാണെന്ന് വിളിച്ചോതുന്നതാണ് പി എഫ് പെൻഷൻ കേസിലെ സുപ്രീം കോടതിയുടെ വിധി.

അവകാശം

2014ലെ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) പദ്ധതി റദ്ദാക്കിയ കേരള, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതികളുടെ വിധിക്കെതിരെ ഇ പി എഫ് ഒ സമർപ്പിച്ച ഹരജിയിലാണ് പരമോന്നത നീതിപീഠം തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിർണായക വിധി പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നീക്കത്തിനെതിരെ പരമോന്നത കോടതിയുടെ നിർണായ വിധിയിലേക്ക് നയിച്ചതിൽ കേരള ഹൈക്കോടതിയുടെ കൂടി ഇടപടലുണ്ടായെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഹൈക്കോടതികൾ ചെയ്തതുപോലെ പെൻഷൻ പദ്ധതി പൂർണമായും റദ്ദാക്കിയില്ലെങ്കിലും ആ വിധികളെ സുപ്രീം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു വിധിയിലൂടെ.

പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപരിധി ഏർപ്പെടുത്തുന്നതായിരുന്നു കേന്ദ്ര ഭേദഗതി വ്യവസ്ഥകളിൽ പ്രധാനപ്പെട്ടത്. ഇത് പൂർണമായും റദ്ദാക്കിയത് സംഘടിത തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. സംഘടിത മേഖലയിൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായിത്തന്നെ പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുൾപ്പെടെയുള്ള കോടതികളുടെ വിധിന്യായം സുപ്രീം കോടതിയും ശരിവെച്ചിരിക്കുകയാണ്. ഇതുവഴി കൂടുതൽ പേർ ആനുകൂല്യത്തിന് അർഹരാകുന്നതോടൊപ്പം പെൻഷൻ തുകയിൽ കാര്യമായ വർധനയുമുണ്ടാകും.

പി എഫ് പെൻഷൻ പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി രാജ്യത്തെ വിവിധ കോടതികളിൽ കേസ് നിലനിന്നിരുന്നെങ്കിലും ഇതൊന്നും ഗൗരവമായ ചർച്ചക്ക് വഴി വെച്ചിരുന്നില്ല. 2011ൽ, കേരള ഹൈക്കോടതിയിൽ വന്ന ഹരജിയിൽ തൊഴിലാളികൾക്ക് അനുകൂലമായ വിധി വന്നതാണ് വിഷയത്തിൽ പ്രധാന മുന്നേറ്റമായത്. അതോടെ, പി എഫ് പെൻഷൻ പദ്ധതിയെ തന്നെ തകർക്കാനുള്ള ആലോചനയിലായി അധികാരികൾ. യഥാർഥത്തിൽ ഇതിന് പഴുതൊരുക്കിയാണ് 2014ലെ ഭേദഗതി വിജ്ഞാപനം പുറത്തുവന്നത്. ഇതോടെ കേന്ദ്രനീക്കത്തിലെ അപകടം തിരിച്ചറിഞ്ഞാണ് രാജ്യത്തെ മൂന്ന് കോടതികൾ ഭേദഗതി പൂർണമായും റദ്ദാക്കിയത്. ഇപ്പോൾ വിജ്ഞാപനത്തിലെ മേൽപരിധിയടക്കമുള്ള കാര്യങ്ങളിൽ ചില്ലറ ഇളവുകൾ നൽകുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

കേരള ഹൈക്കോടതി

2014ലെ പി എഫ് പെൻഷൻ സംബന്ധിച്ച കേന്ദ്രത്തിന്റെ ഭേദഗതി വിജ്ഞാപനവും അനുബന്ധ ഉത്തരവുകളും റദ്ദാക്കി, യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിതരണം ചെയ്യണമെന്ന് 2018 ഒക്ടോബർ 12നായിരുന്നു കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മുഴുവൻ തൊഴിലാളികൾക്കും ഒരേപോലെ ആനുകൂല്യങ്ങൾ ഉറപ്പാക്കേണ്ട പദ്ധതി വിവേചനപൂർവം നടപ്പാക്കുന്നത് ഇ പി എഫ് ഒ നിയമങ്ങൾക്ക് തന്നെ കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി. 2014ലെ വിജ്ഞാപനം, തൊഴിലാളികളുടെ പല അവകാശങ്ങളും റദ്ദാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതിക്ക് മുന്നിലെത്തിയ 507 ഹരജികളാണ് അന്ന് പരിഗണിച്ചത്. കേന്ദ്രത്തിന്റെ ഭേദഗതി വിജ്ഞാപനം തീർത്തും തൊഴിലാളിവിരുദ്ധമായിരുന്നുവെന്ന് പ്രത്യക്ഷമായി മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും കോടതി നിരീക്ഷിച്ചിരുന്നു. 6,500 രൂപ ശമ്പള പരിധി നിശ്ചയിച്ചിരുന്നെങ്കിലും യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കാൻ തൊഴിലാളിക്ക് കഴിയുമായിരുന്നു. ഈ സാഹചര്യമാണ് ഭേദഗതിയോടെ ഇല്ലാതായത്. മേൽപരിധിക്കുമുകളിൽ ശമ്പളത്തിന് വിഹിതം അടക്കുമ്പോൾ കൂടിയ തുകക്ക് 1.16 ശതമാനം അധിക വിഹിതം തൊഴിലാളി അടക്കണമെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രകടമായ ഈ വിവേചനത്തെയാണ് അന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. എന്നാൽ, കോടതിവിധി നടപ്പാക്കുന്നതിന് മുമ്പ് തന്നെ ഇ പി എഫ് ഒ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ കാര്യങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. ആദ്യ ഹരജി തള്ളിയെങ്കിലും തൊഴിൽ മന്ത്രാലയം കൂടി കക്ഷി ചേർന്നതോടെ, പുനരവലോകന ഹരജി നീതിപീഠം സ്വീകരിച്ചു. 2021 ആഗസ്റ്റിൽ രണ്ടംഗ ബഞ്ച് മൂന്നംഗ ബഞ്ചിന് കേസ് റഫർ ചെയ്തു.

ആരുടെ കൂടെ?

കേസിൽ വാദം കേൾക്കൽ ആരംഭിച്ചത് മുതൽ തന്നെ അധികാരികളുടെ തൊഴിലാളിവരുദ്ധ മനോഭാവം വ്യക്തമായിരുന്നു. മേൽപരിധിക്ക് മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകാൻ തുടങ്ങിയാൽ പെൻഷൻ ഫണ്ട് ചുരുങ്ങുമെന്നായിരുന്നു കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ആശങ്കകളിലൊന്ന്. ഇതോടൊപ്പം അധിക സാമ്പത്തിക ബാധ്യതയുടെ കാര്യവും ഇ പി എഫ് ഒ കോടതിയിൽ ഉന്നയിച്ചു. ഇതിനായി കേരള ഹൈക്കോടതി വിധിക്ക് ശേഷം, 22,000 പേർക്ക് “അധിക പെൻഷൻ’ നൽകിയപ്പോൾ പ്രതിമാസം 257 കോടി രൂപയുടെ അധികബാധ്യത ഉണ്ടായെന്നായിരുന്നു ഇ പി എഫ് ഒയുടെ അവകാശ വാദം. ഈ നിലയിൽ പോയാൽ സമീപ ഭാവിയിൽ 1.27 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നും അവർ വാദിച്ചു.
എന്നാൽ കേന്ദ്ര വാദങ്ങൾ തള്ളിയ പരമോന്നത കോടതി കണക്കുകൾവെച്ചുള്ള ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. വാദം കോൾക്കുന്നതിനിടെയുണ്ടായ കോടതിയുടെ നിരീക്ഷണങ്ങൾ ആവർത്തിച്ചു തന്നെയാണ് നിർണായക കേസിലെ വിധിയുമെന്നത് തൊഴിലാളികൾക്ക് ആശ്വാസകരമാണ്.

ജീവിതത്തിന്റെ നല്ലകാലം മുഴുവനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കായി സേവനമനുഷ്ഠിച്ച തൊഴിലാളികൾക്ക് ശിഷ്ടകാലം അല്ലലില്ലാതെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് പെൻഷൻ അടക്കമുള്ള പദ്ധതികൾ ആവിഷ്‌കരിക്കപ്പെട്ടിരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പെൻഷനില്ലാതിരുന്ന സ്വകാര്യ മേഖലയിലെ സംഘടിത തൊഴിലാളികൾക്ക് 1995ൽ കേന്ദ്ര സർക്കാർ പി എഫ് പെൻഷൻ ഏർപ്പെടുത്തിയത്. തൊഴിലുടമയുടെ പി എഫ് വിഹിതത്തിൽ നിന്ന് ഒരു ഭാഗം പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്നതോടൊപ്പം ചെറിയ വിഹിതം സർക്കാറും നൽകിയുള്ള പദ്ധതിയാണ് അന്ന് ആവിഷ്‌കരിച്ചത്. ജനപ്രിയമാകേണ്ടിയിരുന്ന ആ പദ്ധതി തുടക്കം മുതലേ പല കാരണങ്ങളാൽ ഉദ്ദേശിച്ച ഫലം ചെയ്തിരുന്നില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം