Connect with us

Ongoing News

എല്ലാ ടൂര്‍ണമെന്റിലും പങ്കെടുക്കാനാകില്ല; ഒളിംപിക്‌സില്‍ കളിക്കാനില്ലെന്ന് മെസ്സി

'കോപ അമേരിക്കയില്‍ കളിക്കേണ്ടതിനാല്‍ അതിനുശേഷം വരുന്ന ഒളിംപിക്‌സിലും കളത്തിലിറങ്ങുകയെന്നത് സാധ്യമായ കാര്യമല്ല. എല്ലാ ടൂര്‍ണമെന്റിലും പങ്കെടുക്കാവുന്ന പ്രായത്തിലല്ല ഞാനുള്ളത്.'

Published

|

Last Updated

ബ്യൂണസ് ഐറിസ് | ഒളിംപിക്‌സ്-2024ല്‍ അര്‍ജന്റീനക്കായി കളത്തിലിറങ്ങാനില്ലെന്ന് ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കോപ അമേരിക്കയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതിനു പിന്നാലെ ഒളിംപിക്‌സിലും കളിക്കേണ്ടി വരികയെന്നത് ചിന്തിക്കാനാകില്ലെന്ന് താരം പറഞ്ഞു.

ഒളിംപിക്‌സില്‍ 23 വയസ്സിനു താഴെയുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത കല്‍പ്പിക്കപ്പെടുന്നതെങ്കിലും ഇതില്‍ കൂടുതല്‍ പ്രായമുള്ള മൂന്ന് പേര്‍ക്ക് ടീം ഇനത്തില്‍ മൈതാനത്തിറങ്ങാന്‍ അനുമതിയുണ്ട്. അതിനാല്‍ത്തന്നെ മെസ്സിയുടെ തീരുമാനത്തില്‍ മാറ്റംവരുത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്.

ഒളിംപിക്‌സില്‍ കളിക്കുക സാധ്യമല്ലെന്ന് അര്‍ജന്റീനയുടെ അണ്ടര്‍-23 പരിശീലകന്‍ സേവിയര്‍ മഷറാനോയെ അറിയിച്ചതായി ഇ എസ് പി എന്നിനു നല്‍കിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തിലാണ് മെസ്സി വെളിപ്പെടുത്തിയത്. സാഹചര്യം അദ്ദേഹത്തിനും മനസ്സിലായിട്ടുണ്ടെന്നും മെസ്സി പറഞ്ഞു. ‘കോപ അമേരിക്കയില്‍ കളിക്കേണ്ടതിനാല്‍ അതിനുശേഷം വരുന്ന ഒളിംപിക്‌സിലും കളത്തിലിറങ്ങുകയെന്നത് സാധ്യമായ കാര്യമല്ല. രണ്ട്, മൂന്ന് മാസങ്ങള്‍ തുടര്‍ച്ചയായി നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നതും ചിന്തിക്കാനാകില്ല. ഇതിലെല്ലാമുപരി എല്ലാ ടൂര്‍ണമെന്റിലും പങ്കെടുക്കാവുന്ന പ്രായത്തിലല്ല ഞാനുള്ളത്’- 36കാരനായ മെസ്സി വിശദീകരിച്ചു.

ജൂണ്‍ 21നാണ് കോപ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അര്‍ജന്റീനയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂലൈ 14നാണ് ഫൈനല്‍. ജൂലൈ 24 മുതല്‍ ആഗസ്റ്റ് 10 വരെയാണ് പാരീസില്‍ ഒളിംപിക്‌സ് പുരുഷ ഫുട്‌ബോള്‍ നടക്കുക.