Connect with us

National

മാസ്‌ക്കിട്ടില്ലെങ്കില്‍ പിഴയില്ല; നിയന്ത്രണങ്ങള്‍ ഇളവ് ചെയ്ത് ഡല്‍ഹിയും

വ്യാഴാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡി ഡി എം എ) യോഗത്തിലാണ് തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് തരംഗം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗിക്കാത്തിന് ഇനി പിഴ ഈടാക്കില്ല. വ്യാഴാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡി ഡി എം എ) യോഗത്തിലാണ് തീരുമാനം. അതേസമയം, പകര്‍ച്ചവ്യാധി നിയമം തുടരും. ഡല്‍ഹിയില്‍ കൊവിഡ് സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്.

വ്യാഴാഴ്ച, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയിലാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു.

മാസ്‌ക് ധരിക്കാത്തതിന് ഇനി പിഴ ഈടാക്കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനമായി. ഇതുവരെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. നേരത്തെ 2000 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഡിഡിഎംഎ യോഗത്തിലാണ് ഇത് കുറച്ചത്.

മഹാരാഷ്ട്രയില്‍ ശനിയാഴ്ച മുതല്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നത്.

 

Latest