Connect with us

k rail

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ല: റെയില്‍വേ ബോര്‍ഡ്

ഡിപിആറിലെ അവ്യക്തത ചോദ്യം ചെയ്ത് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പട്ട രേഖകള്‍ കെ റെയില്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ്. സാമ്പത്തിക പ്രായോഗികത കൂടി പരിശോധിച്ച ശേഷമേ അനുമതി നല്‍കുകയുള്ളൂവെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. ഡിപിആറിലെ അവ്യക്തത ചോദ്യം ചെയ്ത് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പട്ട രേഖകള്‍ കെ റെയില്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ റെയില്‍വേ ബോര്‍ഡിന് മുന്‍പിലുള്ളത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ്. അലൈന്‍മെന്റ് പ്ലാന്‍ എവിടെ, പദ്ധതിക്ക് വേണ്ട റെയില്‍വേ ഭൂമിയെത്ര, സ്വകാര്യ ഭൂമിയെത്ര, നിലവിലെ റെയില്‍വേ ശൃംഖലയില്‍ എവിടെയൊക്കെ സില്‍വര്‍ ലൈന്‍ പാത മുറിച്ചു കടക്കുന്നു. ഡിപിആറുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കെ റെയില്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല. തത്വത്തില്‍ ഉള്ള അനുമതി മാത്രമേ പദ്ധതിക്കുള്ളൂവെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് കുമാര്‍ ത്രിപാഠി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കഴിഞ്ഞ നാലിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

പദ്ധതി ചെലവിന്റെ വിശദാംശങ്ങളും കൈമാറിയിട്ടില്ല. അറുപത്തി മൂവായിരത്തിലധികം കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഒരു ലക്ഷം കോടിയിലധികം രൂപ ചെലവ് വന്നക്കുമെന്നാണ് റെയില്‍വേയുടെ കണക്ക് കൂട്ടല്‍. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയും പരിഗണന വിഷയമാണെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നു. പദ്ധതിക്കായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങിയെങ്കിലും കേന്ദ്രം അനുകൂല നിലപാടറിയിച്ചിട്ടില്ല.