Connect with us

Kerala

എയ്ഡഡ് ഹൈസ്‌കൂളുകളില്‍ കൗണ്‍സലര്‍മാരെ നിയമിക്കാന്‍ നടപടിയായില്ല

കൗണ്‍സലിംഗ് സംവിധാനം നടപ്പാക്കണമെന്ന ആവശ്യം രക്ഷിതാക്കളിലും ശക്തം

Published

|

Last Updated

കോട്ടക്കല്‍ | സൈക്കോ സോ ഷ്യല്‍ സ്‌കൂള്‍ കൗണ്‍സലര്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരെ നിയമിക്കണമെന്ന കേരള സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഉത്തരവ് ഇനിയും നടപ്പാക്കിയില്ല. 2022 ആഗസ്റ്റ് 24നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ സ്‌കൂള്‍ കൗണ്‍സലര്‍ നിയമനം നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എയ്ഡഡ് ഹൈസ്‌കൂളുകളില്‍ സ്‌കൂള്‍ കൗണ്‍സലര്‍മാരെ നിയമിച്ചിട്ടില്ല.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരുടെ നിയമനം നടത്തിയെങ്കിലും എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിയമനമായിരുന്നില്ല. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ പാണ്ടികശാല സ്വദേശി മുക്രിയന്‍ ശിഹാബുദ്ദീന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് 2022 ആഗസ്റ്റില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികളുടെ സാമൂഹിക, മാനസിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സലര്‍ പദ്ധതി മാതൃകാപരമാണ്. നിലവില്‍ സംസ്ഥാനത്തെ 1,012 സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും അതിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇത് ഇപ്പോഴും കാണാമറയത്താണ്.

കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ, മാനസിക സംഘര്‍ഷം എന്നിവ കുറക്കുകയും അവരുടെ സാമൂഹികവും മാനസികവുമായ വികാസത്തിന് വഴിവെക്കുകയും ചെയ്യുന്ന ഈ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയും മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പാക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ആത്മഹത്യ, മൊബൈല്‍ ഫോണ്‍ ആസക്തി, മയക്കുമരുന്ന് ഉപയോഗം എന്നിവയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ കൗണ്‍സലര്‍ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിക്ക് കൃത്യമായ മൊഡ്യൂള്‍ തയ്യാറാക്കിയാണ് നടപ്പില്‍ വരുത്തേണ്ടതന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഏറെ സഹായകമാകുന്ന കൗണ്‍സലിംഗ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം രക്ഷിതാക്കളിലും ശക്തമാണ്.

 

 

---- facebook comment plugin here -----

Latest