Connect with us

Kerala

ഇടുക്കിയില്‍ നവജാത ശിശു മരിച്ച സംഭവം; കല്ലറയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു

ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു.

Published

|

Last Updated

ഇടുക്കി| ഇടുക്കി കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍വച്ച് നവജാത ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കുമളി ആറാം മൈല്‍ സ്വദേശി നെല്ലിക്കല്‍ സേവ്യറിന്റെയും ടിനുവിന്റെയും ആണ്‍കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ കുഞ്ഞിന്റെ മരണ കാരണമെന്ന് കണ്ടെത്തുന്നതിനുവേണ്ടി കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

ഒമ്പതാം തീയതിയാണ് സേവ്യറിന്റെ ഭാര്യ ടിനുവിനെ അവസാന സ്‌കാനിംഗിനായി കുമളി സെന്റ് അഗസ്റ്റിന്‍സ് ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. 11ാം തിയതി ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. എന്നാല്‍ പിറ്റേ ദിവസം രാവിലെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതായി കണ്ടു. തുടര്‍ന്ന് ഉടന്‍ സിസേറിയന്‍ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു. പിന്നീട് കുഞ്ഞിനെ കുമളി ലൂര്‍ദ്ദി പളളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

അതേസമയം കുഞ്ഞിന്റെ മരണകാരണം പലതവണ ചോദിച്ചിട്ടും ആശുപത്രി അധികൃതര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘത്തിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം സെമിത്തേരി തുറന്ന് പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്നു തന്നെ നിര്‍ദ്ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest