Connect with us

Kerala

കായലിനു കുറുകെ വലിയ പാലം യാഥാര്‍ഥ്യമായി; പെരുമ്പളം ദ്വീപ് നിവാസികളുടെ ആഹ്ലാദം പങ്കിട്ട് നടന്‍ മമ്മൂട്ടി

രണ്ടു കരകള്‍ കൈകോര്‍ക്കുമ്പോള്‍ മാറുന്നത് ദൂരമല്ല... ഒരു ജനതയുടെ ജീവിതമാണ്

Published

|

Last Updated

ആലപ്പുഴ | കായലിനു കുറുകെ കേരളത്തിലെ ഏറ്റവും നീളമേറിയ റോഡ് പാലം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദം ആഘോഷിക്കുന്ന പെരുമ്പളം ദ്വീപ് നിവാസികള്‍ക്കൊപ്പം സന്തോഷം പങ്കിട്ട് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി.

പെരുമ്പളം ദ്വീപിന്റെ ദീര്‍ഘകാല സ്വപ്‌നമായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കുകയാണ്. ഏറെക്കാലമായി പെരുമ്പളം നിവാസികള്‍ അനുഭവിച്ചുവരുന്ന ദുരിതങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നത്. കാത്തിരിപ്പുകള്‍ക്കും അവഗണനകള്‍ക്കും അറുതിയാവുകയാണെന്നും തന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു പെരുമ്പളമെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

രണ്ടു കരകള്‍ കൈകോര്‍ക്കുമ്പോള്‍ മാറുന്നത് ദൂരമല്ല… ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാല്‍ ആശുപത്രിയിലെത്താന്‍ വൈകുന്ന ആകുലതകള്‍… സമയത്തിന് ജോലിക്കു പോകാന്‍ കഴിയാത്ത വേവലാതികള്‍. ഒരു വിവാഹാലോചന വന്നാല്‍ പോലും അക്കരെ എന്ന ദൂരം വില്ലനായ നിമിഷങ്ങള്‍. ആ കാത്തിരിപ്പുകള്‍ക്കും അവഗണനകള്‍ക്കും ഇപ്പോള്‍ അറുതിയാവുകയാണ്. എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ. ഇപ്പോള്‍ അവയെല്ലാം ഒരു നാടായി- മമ്മൂട്ടി കുറിച്ചു.

സാധാരണക്കാരന്റെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാര്‍ഥ വികസനം എന്നു ഞാന്‍ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആര്‍ച്ചുകളിലെ നിറങ്ങള്‍ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്‍ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തില്‍, പുത്തന്‍ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍- മമ്മൂട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

1,157 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് കായലിന് കുറുകെ കേരളത്തിലെ ഏറ്റവും നീളമേറിയ പെരുമ്പളം പാലം യാഥാര്‍ഥ്യമാകുന്നത്. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് നിര്‍മാണം. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് റോഡുകള്‍ നിര്‍മിക്കുന്നത്.

 

Latest